നെടുങ്കണ്ടം: മണ്ഡലകാലത്തോടനുബന്ധിച്ച് അതിര്‍ത്തി പട്ടണമായ കമ്പംമെട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് താല്‍ക്കാലിക ആര്.ടി.ഒ ചെക്ക് പോസ്റ്റ് തുറക്കാന്‍ നടപടിയായി. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റ് തുറക്കാന്‍ എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ ചെക്ക് പോസ്റ്റ് തുറക്കാനാണ് നീക്കം. ഇതിന്റെ ആദ്യപടിയായി താല്‍ക്കാലിക ഷെഡ് ഉള്‍പ്പെടെയുള്ളവ കമ്പംമെട്ടില്‍ നിര്‍മിച്ചിട്ടുണ്ട്. കമ്പംമെട്ടിലൂടെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ വേഗത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച് ഓഫിസ് തുറക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.
കഴിഞ്ഞ വര്‍ഷം ചെക്ക് പോസ്റ്റ് ഇല്ലാതിരുന്നതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് കമ്പംമെട്ടില്‍ കൂടി നികുതി വെട്ടിച്ച് കടന്നുപോയത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടായത്. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ താല്‍ക്കാലിക ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പൊലീസ്, എക്സൈസ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ് ചെക്പോസ്റ്റുകള്‍ കമ്പംമെട്ടിലുണ്ട്. വാണിജ്യനികുതി വകുപ്പ് ചെക്പോസ്റ്റ് ജി.എസ്.ടി വന്നേതാടെ നിര്‍ത്തലാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം തലേദിവസം അനുവദിച്ച ചെക്പോസ്റ്റ് അനുമതി പിറ്റേന്ന് പിൻവലിക്കുകയായിരുന്നു. താല്‍ക്കാലിക ചെക്പോസ്റ്റ് ആരംഭിക്കാന്‍ അനുമതി നല്കി ഷെഡ് നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.
ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ മോട്ടോര്‍ വാഹന വകുപ്പിന് സ്ഥിരം ചെക്പോസ്റ്റ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സാധാരണയായി ശബരിമല സീസണില്‍ മാത്രമാണ് കമ്പംമെട്ടില്‍ വാഹന വകുപ്പ് താല്‍ക്കാലിക ചെക്പോസ്റ്റ് പ്രവര്‍ത്തിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരമാണ് താല്‍ക്കാലിക ചെക്ക് പോസ്റ്റ് ഇല്ലാതാകാന്‍ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.