തൊടുപുഴ: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പിടിയിലാകുന്നവരിൽ കൂടുതലും വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന സംഘമെന്നത് ഞെട്ടിപ്പിക്കുകയാണ്. ലഹരിക്കേസുകൾ പിടികൂടാത്ത ഒരു ദിവസംപോലും നഗരത്തിലില്ല എന്ന രീതിയിലേക്കാണ് കാര്യങ്ങൾ. ചൊവ്വാഴ്ച രാവിലെ 40 കിലോ കഞ്ചാവാണ് നഗരത്തിൽനിന്ന് പൊലീസ് പിടികൂടിയത്.
തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ (25), പത്താഴപ്പാറ ചൂരവേലിൽ റിൻഷാദ് (29) എന്നിവരെയാണ് തൊടുപുഴ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയിൽനിന്നാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. കഞ്ചാവ് വിവിധ പാക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കച്ചവടത്തിന് ഇറക്കുന്നത് യുവാക്കളെയും വിദ്യാർഥികളെയും
വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. കുറഞ്ഞ അളവിനുപോലും വലിയ വില ലഭിക്കുന്നതിനാല്‍ കടത്താനും എളുപ്പം. ടൂറിസം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്കായും ലഹരിമരുന്നുകള്‍ എത്തിക്കുന്നുണ്ട്. ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വില്പനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി സ്ത്രീകളും രംഗത്തുണ്ട്.
എം.ഡി.എം.എ യഥേഷ്ടം
കഞ്ചാവ് പോലുള്ള ലഹരികളിൽനിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗത്തിലേക്ക് മാറിയവരുടെ എണ്ണവും കൂടി. ഇവക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. ഒരുതവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.