തൊടുപുഴ: ജില്ലയുടെ വിവിധ മേഖലകളിൽ നേരിടുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ പദ്ധതികളുമായി ഭൂജല വകുപ്പ്. കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെത്തി കുഴല്‍ കിണറുകള്‍ കുഴിച്ചും ഭൂജല സംപോഷണ പദ്ധതികളിലൂടെയും കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യം വെക്കുന്നത്. വേനൽ എത്തിയതോടെ ചില പഞ്ചായത്തുകൾ കുടിവെള്ള ഭീഷണിയിലാണ്.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും വിദൂര മേഖലകളിലെ ചില പഞ്ചായത്തുകളിലടക്കം ഇപ്പോഴും കുടിവെള്ള ക്ഷാമമുണ്ട്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിലാണ് കുഴൽ കിണറുകളുടെ നിർമാണമടക്കമുള്ള പദ്ധതികൾ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ബൈസൺവാലി, കൊന്നത്തടി, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി, മുട്ടം, നെടുങ്കണ്ടംബ്ലോക്ക്, അയ്യപ്പൻ കോവിൽ, വണ്ടൻമേട് എന്നിവയാണ് കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകൾ.
കൂടാതെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 30 ശതമാനത്തോളം വാട്ടർ കണക്ഷൻ വീടുകളിൽ നൽകിയിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ജൽജീവൻ മിഷന്റെ ഭാഗമായും പഞ്ചായത്തുകളിൽ നിന്നുള്ള നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ പഞ്ചായത്തുകളിൽ 207 കുഴൽ കിണറുകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ തകരാറിലായിക്കിടന്ന നാലോളം കുഴൽ കിണർ ഹാൻഡ് പമ്പുകളും റിപ്പയർ ചെയ്തിട്ടുണ്ട്. എട്ടോളം കിണറുകൾ റീചാർജ് ചെയ്തു. വണ്ടമറ്റം, രാജാക്കാട്, വെള്ളിയാമറ്റം എന്നിവിടങ്ങളിലാണ് കിണർ റീചാർജിങ്ങ് നടത്തിയത്. ഒന്നരക്കോടിയുടെ പദ്ധതികൾ നടപ്പാക്കി കഴിഞ്ഞു.
ഭൂജല പരിപോഷണ മാർഗങ്ങൾ അവലംബിക്കുന്നത് വഴി ദീർഘകാലാടിസ്ഥാനത്തിൽ വരൾച്ചയെ പ്രതിരോധിക്കുന്നതിനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. തുറന്ന കിണർ/ റീചാർജ് പിറ്റ്, കുഴൽകിണർ, അടിയണകൾ, അനുയോജ്യമായ പ്രദേശങ്ങളിൽ ചെറിയ തടയണകളുടെ നിർമാണം വഴിയുള്ള ഭൂജല പരിപോഷണം എന്നിവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അമിത ചൂഷിത, ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ ബ്ലോക്കുകളിൽ ഭൂജല സംപോഷണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകി വരുന്നത്.
അതേസമയം, ജല വിനിയോഗത്തിന്റെ കാര്യത്തിൽ സൂക്ഷ്മതക്കുറവ് നേരിടുന്നതായി വിമർശനമുണ്ട്. ജലക്ഷാമത്തെക്കുറിച്ച് തീരെ ബോധവാൻമാരല്ലാത്ത നിലയിലാണ് ചിലയിടങ്ങളിൽ പൊതു ജലവിതരണ സംവിധാനങ്ങളുടെ ഉപയോഗം. പൊതുടാപ്പുകളും സർക്കാർ സ്ഥാപനങ്ങളും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം ഇത്തരത്തിൽ കുടിവെള്ളം പാഴാക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ജലവിതരണ പദ്ധതികളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് പല ഭാഗങ്ങളിലും പതിവ് കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.