ഇടുക്കി: പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ 4000 വർഷം മുമ്പ് ഉദ്ഭവിച്ചതെന്ന് കരുതുന്ന ഏലം ഇന്ന് 19 രാജ്യങ്ങളിൽ ഉൽപാദനമുള്ള സുഗന്ധവിളയാണ്. ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യക്ക് ഗ്വാട്ടമാല ഉയർത്തുന്ന ഭീഷണി ചെറുതല്ല. താൻസനിയയിലും ഇന്തോനേഷ്യയിലും ശ്രീലങ്കയിലും ബ്രസീലിലും തായ്‌ലൻഡിലും ഏലം കൃഷി വ്യാപകമാകുകയാണ്.
രാസവളങ്ങളുടെയും കീടനാശിനിയുടെയും അമിത ഉപയോഗം ഇന്ത്യൻ ഏലക്കക്ക് ഭീഷണിയാകുമ്പോൾ സ്വാഭാവിക കാലാവസ്ഥയിൽ രാസവള, കീടനാശിനി പ്രയോഗം ഇല്ലാതെ ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ആഫ്രിക്കൻ, താൻസനിയൻ, തായ്‌ലൻഡ് ഏലത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രിയമേറിവരുകയാണ്.
വിളവെടുത്ത് സൂര്യപ്രകാശത്തിൽ ഉണങ്ങി എടുക്കുന്ന ഇവ വൈറ്റ് കാർഡമം എന്നാണ് അറിയപ്പെടുന്നത്. ഏലം സ്റ്റോറിൽ പ്രത്യേകം ക്രമീകരിച്ച ചൂടിൽ ഉണക്കിയെടുക്കുന്ന ഇന്ത്യൻ ഏലത്തിന് പച്ചനിറവും ഗുണമേന്മയും കൂടുതലുമാണ്. അതിനാൽ ഇത് ഗ്രീൻ കാർഡമം എന്നും അറിയപ്പെടുന്നു. ഗുണമേന്മയിലും വിലയിലും ഇന്ത്യൻ ഏലം ലോകവിപണിയിൽ ഒന്നാമതാണ്.
ഗുണനിലവാരത്തിൽ പിന്നിലാണെങ്കിലും വിലക്കുറവും രാസവള, കീടനാശിനി സാന്നിധ്യമില്ലാത്തതുമാണ് ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കാർഡമത്തിന് പ്രിയം വർധിപ്പിക്കുന്നത്. കേരളത്തിൽ ഉൽപാദിപ്പിക്കുന്നത് ചെറിയ ഏലക്കയും അസമിലേത് വലിയ ഏലക്കയുമാണ്. ഏലംകൃഷി 19 രാജ്യങ്ങളിൽ ഉണ്ടെങ്കിലും ആകെ ഉൽപാദനത്തിന്‍റെ 85.71 ശതമാനവും ആകെ കയറ്റുമതിയുടെ 78.21 ശതമാനവും ഗ്വാട്ടമാല, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ്.
2016ൽ ഈ മൂന്ന് രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി 44,508 മെട്രിക് ടൺ ആണ്. 2022ൽ ഉൽപാദനം 40 ശതമാനത്തിലേറെ വർധിച്ചതായാണ് കണക്ക്. 2016ൽ 38000 ടൺ ആയിരുന്ന ഇന്ത്യയുടെ ഏലം ഉൽപാദനം നിലവിൽ 48000 ടൺ ആണ്. ഇടുക്കി ജില്ലയിൽ 25000ത്തോളം ചെറുകിട എലം കർഷകരാണ് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ, കൃഷി വ്യാപകമായതോടെ ഇത് 50,000ത്തിനും ഒരു ലക്ഷത്തിനുമിടയിലായി. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് സ്‌പൈസസ് ബോർഡിനും അറിയില്ല.
റീപൂളിങ് എന്ന കള്ളക്കളി
വ്യാപാരികളുടെയും ലേല ഏജൻസികളുടെയും കള്ളക്കളിയും റീപൂളിങ്ങും ഏലം വിലയിടിയുന്നതിന് പിന്നിലെ പ്രധാന ഘടകമാണ്. ഉൽപാദന സീസൺ അവസാനിച്ച ഏപ്രിൽ, മേയ് മാസങ്ങളിൽപോലും ലേലത്തിന് പതിയുന്ന എലക്കയുടെ അളവ് കാര്യമായി കുറഞ്ഞിരുന്നില്ല.
പുറ്റടി സ്‌പൈസസ് പാർക്കിൽ ശരാശരി ഒരു ലക്ഷം കിലോക്ക് അടുത്ത് ഏലക്ക ലേലത്തിൽ പതിയുന്നുണ്ടായിരുന്നു.കർഷകർ പതിക്കുന്ന എലക്ക ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിങ് എന്ന് പറയുന്നത്. ഇതുവഴി വിൽപനക്ക് എത്തുന്ന ഏലക്കയുടെ അളവ് ഉയർത്തി നിർത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാധ്യത തടയുകയുമാണ് തന്ത്രം.
ഈ കള്ളക്കളിയിലൂടെ ഉത്തരേന്ത്യൻ വ്യാപാരികളും ഏജൻസികളും വൻ ലാഭം കൊയ്യുന്നു. ഓൺലൈൻ ലേലത്തിൽ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയിൽ വില കാര്യമായി കുറയില്ല. അവിടെ എപ്പോഴും കിലോക്ക് ശരാശരി 2000 മുതൽ 3000വരെ വിലയുണ്ടാകും.
വിലവ്യത്യാസത്തിന്റെ ഈ നേട്ടം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. പരമാവധി ലാഭം ലക്ഷ്യമിട്ട് കർഷകരിൽനിന്ന് കഴിയുന്നത്ര വില കുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. അതിന് ലേല ഏജൻസികളും കൂട്ടുനിൽക്കുന്നു. ഏലത്തിന് കുറഞ്ഞ തറവില പ്രഖ്യാപിക്കുകയാണ് ഇത് മറികടക്കാനുള്ള പോംവഴി. കിലോക്ക് 1500 രൂപയെങ്കിലും തറവില പ്രഖാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
'ഞള്ളാനി' വിതച്ച വിപ്ലവം
കേരളത്തിലെ ഏലകൃഷിയിൽ വിപ്ലവകരമായ മാറ്റമായിരുന്നു കട്ടപ്പന സ്വദേശി ഞള്ളാനിയിൽ സെബാസ്റ്റ്യൻ നടത്തിയ 'ഞള്ളാനി' ഏലത്തിന്‍റെ കണ്ടുപിടിത്തം. ഇതിന് അദ്ദേഹത്തിന് സ്‌പൈസസ് ബോർഡിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും അവാർഡുകൾ ലഭിച്ചിരുന്നു. കോടികൾ മുടക്കി കേന്ദ്ര സർക്കാർ ഏലം ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടും മികച്ചയിനം ഏലം വികസിപ്പിക്കാനായില്ല.
ഇവിടെയാണ് ഒരു സാധാരണ കർഷകൻ അത്യുൽപാദന ശേഷിയുള്ള ഏലം വികസിപ്പിച്ചത്.സാധാരണ നാടൻ ഇനങ്ങൾ കൃഷി ചെയ്യുന്ന തോട്ടത്തിൽനിന്ന് ശരാശരി 150 കിലോ ഉണക്ക ഏലക്ക ലഭിക്കുമ്പോൾ ഞള്ളാനി കൃഷിചെയ്ത തോട്ടത്തിൽനിന്ന് ശരാശരി 500 മുതൽ 1200 കിലോവരെ വിളവെടുക്കുന്നു. ഞള്ളാനി ഗ്രീൻ ഗോൾഡ് എന്ന് അറിയപ്പെടുന്ന ഏലക്ക ഗുണനിലവാരത്തിലും വലുപ്പത്തിലും തൂക്കത്തിലും മുന്നിലാണ്.
ഏലം ഉൽപാദക രാജ്യങ്ങൾ
ഗ്വാട്ടമാല, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, നേപ്പാൾ, തായ്‌ലൻഡ്, മധ്യ അമേരിക്ക, ചൈന, താൻസനിയ, ഈജിപ്ത്, ഇന്തോനേഷ്യ, മെക്സികോ, തുർക്കി, ലാവോസ്, വിയറ്റ്നാം, കോസ്റ്ററിക്ക, എൽസാൽവഡോർ, ബ്രസീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.