ചെറുതോണി: ഏഴുവർഷമായി കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കിട്ടുന്നില്ല. പെൺമക്കളുടെ വിവാഹം ഉറപ്പിച്ചവർ മുതൽ രോഗംമൂലം വലയുന്നവർവരെ തടിയമ്പാട് പ്രവർത്തിക്കുന്ന ക്ഷേമനിധി ഓഫിസിലെത്തി നിരാശരായി മടങ്ങുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. ക്ഷേമനിധിയിൽ അംശാദായമടച്ച് 60 വയസ്സ് പൂർത്തിയായവർക്ക് അടച്ച കാലയളവിലെ ഓരോ വർഷത്തിനും 625 രൂപ വീതം പെൻഷനായി നൽകണമെന്നാണ് നിയമം.
എന്നാൽ, 2014ന് ശേഷം ആർക്കും അനുകൂല്യം നൽകാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാർ 2013വരെയുള്ള കുടിശ്ശിക നൽകി. ബാക്കി കുടിശ്ശിക പിന്നീടുവന്ന സർക്കാറിെൻറ ചുമലിലായി. ക്ഷേമനിധി അംഗങ്ങളുടെ മക്കളെ വിവാഹം ചെയ്തയക്കുമ്പോൾ നൽകുന്ന ധനസഹായം 2016ന് ശേഷം നിലച്ചു. 2000 രൂപയാണ് വിവാഹ ചെലവിനെന്ന പേരിൽ നൽകുന്നത്. 2000 രൂപ വർധിപ്പിച്ച് 10,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയായിട്ടില്ല. തൊഴിലാളി സ്ത്രീകൾക്ക് നൽകുന്ന പ്രസവാനുകൂല്യം 2014 ഫെബ്രുവരിയിലാണ് അവസാനമായി ലഭിച്ചത്. 2500 രൂപയാണ് സർക്കാർ നൽകിവരുന്നത്. ഇതും 10,000 രൂപയാക്കണമെന്നാണ് ആവശ്യം. പരിഗണിക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും നടപ്പായില്ല. ഒന്നരക്കോടി പ്രസവാനുകൂല്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും വെറുതെയായി.
1990ലാണ് ക്ഷേമനിധി പദ്ധതി തുടങ്ങിയത്. തുടക്കത്തിൽ അംഗങ്ങൾ രണ്ടു രൂപയാണ് അംശാദായമായി അടച്ചിരുന്നത്. 2003ൽ അഞ്ചു രൂപയാക്കി ഉയർത്തി. ഇപ്പോഴത് വർഷം തോറും വർധിപ്പിച്ച് 20 രൂപ വരെയെത്തി. ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത തുകയിൽനിന്ന് മിച്ചംവരുത്തി അടച്ച തുക സമ്പാദ്യമായി കൈയിൽകിട്ടുന്നതും സ്വപ്നം കണ്ട നൂറുകണക്കിനാളുകളാണ് വയസ്സുകാലത്ത് ക്ഷേമനിധി ഓഫിസ് കയറിയിറങ്ങുന്നത്. എന്നാൽ, ഒരു കോടി കുടിശ്ശികയടക്കം വിതരണം ചെയ്യാൻ അനുവദിച്ചിട്ടുെണ്ടന്നും ഒരു മാസത്തിനുള്ളിൽ മുഴുവൻ കുടിശ്ശികയും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷേമനിധി ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.