മറയൂർ: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപക നാശം. മൂന്നുമാസത്തിൽ വിളവെടുക്കാവുന്ന ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലുമാണ് നാശനഷ്ടം ഏറെ ഉണ്ടായിരിക്കുന്നത്. വെളുത്തുള്ളി, കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ബീൻസ്, കിഴങ്ങ്, സ്ട്രോബറി തുടങ്ങിയവയാണ് വെള്ളക്കെട്ടിലും മണ്ണിടിച്ചിലും നശിച്ചത്.
അഞ്ചുദിവസം തുടർച്ചയായി പെയ്ത മഴയിലാണ് വെള്ളക്കെട്ട് ഉണ്ടായത്.
ദിവസങ്ങൾക്കുള്ളിൽ മുളച്ച് പൊങ്ങിവന്ന ചെറുചെടികളടക്കം വെള്ളക്കെട്ടിൽ മുങ്ങി. പ്രദേശത്ത് മലഞ്ചരിവിലാണ് കൃഷിയിടങ്ങൾ. തട്ടുതട്ടായി കിടക്കുന്നതിനാൽ മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളപ്പാച്ചിൽ കൃഷിയിടത്തിൽ എത്തുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാകുന്നതാണ് പതിവ്.
ഓണം സീസണിൽ വിളവെടുപ്പ് കഴിഞ്ഞ് ഒരുമാസത്തെ ഇടവേളക്കുശേഷം കൃഷി ഇറക്കിയിരിക്കുകയായിരുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന തരത്തിലുള്ളവയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴയിൽ നശിച്ചത്. മഴക്കൊപ്പം കോടമഞ്ഞും കൃഷി നാശത്തിന് കാരണമായി.
കഴിഞ്ഞ ദിവസം വൈകീട്ട് മറയൂർ-കാന്തല്ലൂർ മേഖലയിൽ തുടങ്ങിയ കനത്തമഴ മണിക്കൂറുകളോളം തുടർന്നു. പൊതുവെ പ്രദേശത്ത് പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.