കട്ടപ്പന: മുല്ലപ്പൂവ് ഉൾപ്പെടെ പൂക്കൾക്ക് വൻ വില വർധന. മഴ തുടങ്ങും മുമ്പ് കിലോക്ക് 1500 രൂപയായിരുന്ന മുല്ലപ്പൂവിന് ഇപ്പോൾ 4000 രൂപയാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് വില ഓരോ ദിവസവും മാറും.
കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. കല്യാണ സീസണെത്തിയാൽ പൂവില ഇനിയും ഉയരും. 200 രൂപയുണ്ടായിരുന്ന അരളി ഇപ്പോൾ കിട്ടണമെങ്കിൽ 450 രൂപ നൽകണം. ജമന്തിക്കും നൂറുരൂപ ഉയർന്നിട്ടുണ്ട്. തമിഴ്നാട് തേനി ജില്ലയിലെ ശീലയംപട്ടി മാർക്കറ്റിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്.
കഴിഞ്ഞ മാസങ്ങളിൽ ഈ മേഖലകളിൽ വ്യാപകമായി മഴ പെയ്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇന്ധന വിലവർധനയും വിലക്കയറ്റത്തിന് കാരണമാണ്. ബംഗളൂരുവിൽനിന്നുള്ള ഹൈബ്രിഡ് പൂക്കൾക്കും ഉയർന്ന വിലയാണ്. 10 എണ്ണമുള്ള ഒരു കെട്ട് റോസിന് 500 മുതൽ 550 രൂപ വരെയാണ് മൊത്തവില.
പ്രധാന പൂക്കളുടെ ഇപ്പോഴത്തെ വില ( ബ്രാക്കറ്റിൽ ഒന്നരമാസം മുമ്പുള്ള വില): മുല്ല 4000 - 4200 (1500), അരളി 400 - 450 ( 200), ജമന്തി 360 ( 80- 150), ചെത്തി 400 (150- 200), ബാംഗ്ലൂർ റോസ് 500 - 550 (150-180).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.