തൊടുപുഴ: ഇടമലക്കുടിയുടെ വികസനത്തിന് 2020-21 സാമ്പത്തിക വർഷം 63,90,000 രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
പെട്ടിമുടി, ഇഡ്ഡലിപ്പാറ റോഡ് കോൺക്രീറ്റിന് 20,00,000, പഞ്ചായത്ത് കിണർ നിർമാണം 3,70,000, പി.എച്ച്.സി കിണർ നിർമാണം 3,70,000, പി.എച്ച്.സി സീലിങ് 2,00,000, പി.എച്ച്.സി വയറിങ് 1,50,000, പി.എച്ച്.സി വൈദ്യുതി കണക്ഷൻ 3,00,000, അപ്രോച്ച് റോഡ് നിർമാണം 30,00,000 എന്നീ നിർമാണ പ്രവർത്തനങ്ങൾക്കാണ് 63,90,000 രൂപ അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ സ്ഥാപിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിടം വന്യമൃഗങ്ങളുടെ ആക്രമണം കാരണം നശിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇടമലക്കുടി പഞ്ചായത്ത് ഓഫിസിെൻറ പ്രവർത്തനം സൊസൈറ്റിക്കുടിയിൽ വനംവകുപ്പ് വിട്ടുനൽകിയ കെട്ടിടത്തിൽ താൽക്കാലികമായി ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 10 ദിവസം രണ്ട് ജീവനക്കാർ എന്ന നിലയിലാണ് ഡ്യൂട്ടി ക്രമീകരണം നടത്തിയിട്ടുള്ളത്. സൊസൈറ്റിക്കുടിയിൽനിന്ന് ഒരാളെ കാഷ്വൽ സ്വീപ്പറാക്കിയിട്ടുെണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻറർനെറ്റ് സംവിധാനത്തിെൻറ ഭാഗമായിട്ടുണ്ടായിരുന്ന വിസാറ്റ് കെട്ടിടം ആന തകർക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആന ആക്രമണത്തിൽനിന്ന് സുരക്ഷ ഒരുക്കുന്നതിെൻറ ഭാഗമായി കെട്ടിടത്തിന് ചുറ്റും ട്രഞ്ച് നിർമിച്ചിട്ടുണ്ട്.
സൊസൈറ്റിക്കുടിയിൽ ഗ്രാമപഞ്ചായത്തിെൻറ താൽക്കാലിക ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടം ആന തകർത്തതിനാൽ 2020-21 ഇടമലക്കുടി പാക്കേജിൽ ഉൾപ്പെടുത്തി പുനരുദ്ധാരണത്തിന് 8,00,000 രൂപ വകയിരുത്തി ടെൻഡർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.