(ഇടുക്കിയുടെ മണ്ണിൽ ജനിച്ച് വളർന്ന ജീവൻ ബാബു നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്. ഇടുക്കി, കാസർകോട് കലക്ടർ, കശുവണ്ടി വികസന കോർപറേഷൻ എം.ഡി, സർവേ ഡയറക്ടർ, എക്സൈസ് അഡീഷനൽ കമീഷണർ, ഡെപ്യൂട്ടി ചീഫ് ഇലക്ഷൻ ഓഫിസർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്)
ഞാൻ ജനിച്ചത് മൂലമറ്റത്താണ്. അച്ഛനും അമ്മക്കും അവിടെയായിരുന്നു ജോലി. പിന്നീട് തൊടുപുഴക്ക് വന്നു. ജയ്റാണി, ഡി പോൾ സ്കൂളുകളിലും ന്യൂമാൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് ഐ.എ.എസിൽ വരുമെന്നൊന്നും ചിന്തിച്ചിട്ടില്ല. അക്കാലത്ത് ജില്ലയിൽ സിവിൽ സർവിസിലേക്ക് കന്നുവരുന്നവർ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ തേടാൻ പറ്റിയവരും ഉണ്ടായിരുന്നില്ല. അത്തരം ആളുകളെ കാര്യമായി കാണാനും കഴിഞ്ഞിട്ടില്ല. കലക്ടർമാർ ജില്ല ആസ്ഥാനമായ പൈനാവിലായതിനാൽ അവരുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും കുറവായിരുന്നു. ആ മേഖലയിൽ അടുത്തറിയാവുന്നർ ആരുമുണ്ടായിരുന്നില്ല.
എങ്കിലും സിവിൽ സർവിസ് എനിക്ക് പറ്റുന്ന മേഖലയാണെന്ന ആത്മവിശ്വാസം ഒരുഘട്ടത്തിൽ കൈവന്നു. ചെറുപ്പംമുതൽ നന്നായി വായിക്കുമായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലടക്കം ജോലി ചെയ്തപ്പോഴും സിവിൽ സർവിസ് മോഹമായിരുന്നു മനസ്സിൽ. പരിശ്രമിച്ചുനോക്കാൻതന്നെ തീരുമാനിച്ചു. ഐ.ആർ.എസും ഐ.പി.എസും ഐ.എ.എസും കിട്ടി. ഞാൻ ഐ.എ.എസാണ് തെരഞ്ഞെടുത്തത്. സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ കഴിയുക എന്നത് ഏതൊരു ഐ.എ.എസുകാരന്റെയും ആഗ്രഹമാണ്. എനിക്ക് ആ ഭാഗ്യം ലഭിച്ചു. ഇടുക്കിയിൽ കലക്ടറായി ഇരുന്നപ്പോഴാണ് സ്വന്തം ജില്ലയെ കൂടുതൽ അടുത്തറിഞ്ഞത്. ഒരിക്കലും പോകാത്ത സ്ഥലങ്ങളിൽ പോകാനായി. മുല്ലപ്പെരിയാറടക്കം എല്ലാ ഡാമുകളും സന്ദർശിച്ചു.
ഇടുക്കിയെ സംബന്ധിച്ച് എക്കാലവും മറക്കാനാകാത്ത ഒന്നാണ് 2018ലെ പ്രളയം. 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ഒരു നിയോഗംപോലെ അതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഞാനുമുണ്ടായിരുന്നു. ഇടുക്കിയിൽ പ്രളയം സൃഷ്ടിച്ച ആഘാതം പെട്ടെന്ന് നീങ്ങുന്നതായിരുന്നില്ല. എല്ലാ നിലയിലും ജില്ല ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. മറ്റ് ജില്ലക്കാരെ അപേക്ഷിച്ച് പ്രകൃതിദുരന്തങ്ങൾ കണ്ടും നേരിട്ടും പരിചയമുള്ളവരാണ് ഇടുക്കിക്കാർ. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുന്നവരല്ല അവർ. ഈയൊരു ധൈര്യം എല്ലാ കാര്യത്തിലും അവർക്കുണ്ട്.
ഇത്രയും സൗന്ദര്യവും മനോഹാരിതയുമുള്ള ജില്ല വേറെയില്ല. അത് തുറന്നുനൽകുന്ന സാധ്യതകൾ അനന്തമാണ്.
എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്നവരാണ് ഇടുക്കിക്കാർ. എവിടെ ചെന്നാലും പണിയെടുക്കാൻ മടിയില്ലാത്ത, മണ്ണിനെ സ്നേഹിക്കുന്നവർ. 50 കൊല്ലത്തിന്റേതായ വളർച്ച എല്ലാ മേഖലയിലും ഉണ്ടായി എന്ന് പറയാനാവില്ല. എങ്കിലും വരുംനാളുകളിൽ ഇടുക്കി കൂടുതൽ മെച്ചപ്പെട്ട വളർച്ച കൈവരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇവിടത്തെ ജനങ്ങൾ ഒരേ മനസ്സായി നിന്നാൽ അത് കഴിയും. വികസനം ഏത് മേഖലയിലായാലും അത് ഇടുക്കിയുടെ പരിസ്ഥിതിക്ക് യോജിച്ചതാകാൻ ബന്ധപ്പെട്ടവർ മനസ്സുവെക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.