തൊടുപുഴ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നടപ്പാക്കുന്ന ബാലസൗൃഹദ കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിലും ഉൗർജിതമാക്കുന്നു.ഇതിെൻറ ഭാഗമായ രണ്ട് ദിവസത്തെ ബോധവത്കരണ, പരിശീലന പരിപാടികൾക്ക് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വ്യാഴാഴ്ച തുടക്കമാകും.
ജില്ലയിലെ എല്ലാ പഞ്ചായത്തിലും പദ്ധതി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ പരിപാടി.
തോട്ടം മേഖലയിൽനിന്ന് പോക്സോ കേസുകൾ ഉൾപ്പെടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആദ്യ പരിപാടിക്ക് വണ്ടിപ്പെരിയാർ പഞ്ചായത്ത് തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തിന് വണ്ടിപ്പെരിയാർ മോഹനം ഒാഡിറ്റോറിയത്തിൽ പരിപാടികൾക്ക് തുടക്കമാകും.
കുട്ടികളുടെ അവകാശങ്ങൾ, കുട്ടികളെ സംബന്ധിച്ച നിയമങ്ങൾ, ബാലസൗഹൃദം പദ്ധതി എങ്ങനെ നടപ്പാക്കാം എന്നീ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുക്കും.
പഞ്ചായത്ത് അംഗങ്ങൾ, ആശ വർക്കർമാരുടെ പ്രതിനിധികൾ, െഎ.സി.ഡി.എസ് സൂപ്പർവൈസർമാർ, കുടുംബശ്രീ കോഒാഡിനേറ്റർമാർ, ചൈൽഡ് വെൽഫെയർ പൊലീസ് ഒാഫിസർമാർ, പ്രധാനാധ്യാപകർ, അധ്യാപക പ്രതിനിധികൾ, തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവർ പെങ്കടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർക്കായി എങ്ങനെ നല്ല രക്ഷിതാവാകാം എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസിന് മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകും. വെള്ളിയാഴ്ച ടാസ്ക് ഫോഴ്സ് രൂപവത്കരണം ഉൾപ്പെടെ പരിപാടികളാണ് നടക്കുക.
ബാലാവകാശ കമീഷൻ ചെയർമാൻ ഉൾപ്പെടെയുള്ളവർ പെങ്കടുക്കും. 2020 ജനുവരി മുതൽ 2021 ജൂലൈ നാല് വരെ കാലയളവിൽ ജില്ലയിൽ നവജാത ശിശു ഉൾപ്പെടെ നാല് കുട്ടികൾ കൊല്ലപ്പെടുകയും 112 ഓളം ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 20 കുട്ടികൾ ജീവനൊടുക്കുകയും ചെയ്തതായാണ് കണക്ക്. ഇൗ സാഹചര്യത്തിലാണ് ബാലസൗഹൃദ കേരളത്തിെൻറ പ്രവർത്തനങ്ങൾ കമീഷൻ ജില്ലയിൽ ഉൗർജിതമാക്കുന്നത്.
ടാസ്ക് ഫോഴ്സ്
ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തോറും ടാസ്ക് ഫോഴ്സുകൾ രൂപവത്കരിക്കും. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും യഥാസമയം പരിഹരിക്കുകയുമാണ് ടാസ്ക് ഫോഴ്സിെൻറ ജോലി. ജില്ല കലക്ടർ കൺവീനറായ ടാസ്ക് ഫോഴ്സിൽ തോട്ടം മേഖല, തൊഴിൽ വകുപ്പ്, പൊലീസ്, സ്കൂൾ തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നു.
ബാലസൗഹൃദ കേരളം
കഴിഞ്ഞ ജനുവരി നാലിനാണ് ബാലസൗഹൃദ കേരളം പദ്ധതിക്ക് തുടക്കമിട്ടത്. വീട്, ചുറ്റുപാട്, കളിസ്ഥലം, വാഹനം, വിദ്യാലയം തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനും കൂട്ടായ പരിശ്രമമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ലൈംഗികാതിക്രമങ്ങളിൽനിന്നും മറ്റ് പീഡനങ്ങളിൽനിന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കുക, മദ്യത്തിൽനിന്നും മയക്കുമരുന്നിൽ നിന്നും സൈബർ കുറ്റകൃത്യങ്ങളിൽനിന്നും കുട്ടികളെ മോചിപ്പിക്കുക, ബാലവേലയും ബാലഭിക്ഷാടനവും ശൈശവവിവാഹവും തടയുക, കുട്ടികളുടെ ആത്മഹത്യ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ബാലാവകാശ സാക്ഷരത വളർത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.