വിനോദസഞ്ചാര മേഖലയിൽ അടിമാലി പഞ്ചായത്തിന്‍റെ സാധ്യതകൾ ചർച്ച ചെയ്യണമെന്നും ടൂറിസം പോയന്‍റുകൾ വികസിപ്പിക്കണമെന്നും വർഷങ്ങളായി വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന പ്രധാന വെള്ളച്ചാട്ടങ്ങളാണ് വാളറ, ചീയപ്പാറ എന്നിവ. നിലവിൽ സർക്കാറിന് കാര്യമായ വരുമാനം ഇല്ലെങ്കിലും ഇവിടെ വികസനമെത്തിച്ചാൽ എളുപ്പത്തിൽ വൻ വരുമാനം ഉണ്ടാക്കാൻ കഴിയും. ഫെബ്രുവരി മുതൽ മേയ് വരെ മാസങ്ങളിൽ വെള്ളമില്ലാതെ വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി തയാറാക്കിയാൽ 12 മാസവും വെള്ളം ഉറപ്പാക്കാനും അതുവഴി വൻ വരുമാനം ഉണ്ടാക്കാനും കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, തൊട്ടിയാർ ജലവൈദ്യുതി പദ്ധതി വാളറ വെള്ളച്ചാട്ടത്തിന് ഭീഷണിയാണെന്നും പറയുന്നു. ദേവിയാർ പുഴയുടെ കുറുകെ മൂന്നിടത്ത് ചെക്ക് ഡാമുകൾ തീർക്കുകയും വേനൽക്കാലത്തേക്ക് വെള്ളം സംഭരിക്കുകയും ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം.
പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് വാളറ. ഇക്കോ പോയന്‍റായ കുതിരകുത്തിമല തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നോക്കെത്താദൂരത്തിൽ പരന്നുകിടക്കുന്ന വനമേഖലയും പെരിയാറിന്‍റെ നീളത്തിലുള്ള സൗന്ദര്യവും ഏറ്റവും അടുത്തുനിന്ന് ആസ്വദിക്കാൻ കഴിയുന്നത് കുതിരകുത്തിമലയിലാണ്. ഇവിടെ നിന്നാൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും കാണാൻ കഴിയുമെന്ന പ്രത്യകതയുമുണ്ട്. ഇതിനോട് ചേർന്നുള്ള കാട്ടമ്പല പ്രദേശവും വശ്യമനോഹരം തന്നെ. കാടിന്‍റെ നേർക്കാഴ്ചകൾ കാണാൻ കഴിയുന്ന ഇവിടെ വനംവകുപ്പുമായി ചേർന്ന് നിരവധി പദ്ധതികൾ തയാറാക്കാനും ഇതുവഴി വിനോദസഞ്ചാര മേഖലയിൽ വൻനേട്ടമുണ്ടാക്കാനും കഴിയും. ഇതിനുനേരെ എതിർദിശയിൽ സാഹസിക യാത്രികർക്ക് ട്രക്കിങ് ഒരുക്കാൻപറ്റിയ സ്ഥലമാണ് കമ്പിലൈൻ.
പടിക്കപ്പ് പ്രദേശത്ത് പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമായ നിരവധി പ്രദേശങ്ങളുണ്ട്. പാറയും വെള്ളച്ചാലുകളും അവറുകുട്ടി പുഴയുമൊക്കെ സഞ്ചാരികൾ അഗ്രഹിക്കുന്നതിലപ്പുറം നൽകാൻ കഴിയുന്നവയാണ്. അടിമാലി വെള്ളച്ചാട്ടവും ആദിവാസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ തയാറാക്കിയാൽ ജില്ലയിൽ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി അടിമാലി പഞ്ചായത്തിനെ മാറ്റാൻ കഴിയും. മറ്റ് പഞ്ചായത്തുകൾ ജലാശയങ്ങളും മറ്റ് സൗകര്യങ്ങളുംകൊണ്ട് സഞ്ചാരികളെ ആകർഷിക്കുമ്പോൾ ഉള്ള സാധ്യതകൾപോലും അടിമാലിയിൽ ഉയർത്തിക്കൊണ്ടുവരുന്നില്ല. പഞ്ചായത്തിലെ ചെറുതും വലുതുമായ ടൗണുകൾ കേന്ദ്രീകരിച്ച് പാതയോരം നവീകരിക്കുകയും ദേവിയാർ പുഴയെ മാലിന്യമുക്തമാക്കുകയും ചെയ്താൽ ഇപ്പോഴുള്ളതിനെക്കാൾ സഞ്ചാരികൾ അടിമാലിയെ തേടിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.