തൊടുപുഴ: കോവിഡ് ആശങ്കകൾ അവസാനിച്ച് എത്തിയ ബജറ്റിൽ ജില്ല പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഇടമലക്കുടി സമഗ്ര പാക്കേജും ഇടുക്കി പാക്കേജിന് തുക അനുവദിച്ചതും മാത്രമാണ് അൽപം ആശ്വാസം. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് 15 കോടിയും ഇടുക്കി പാക്കേജിന് 75 കോടിയുമാണ് അനുവദിച്ചത്. പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇടുക്കിയുടെ അടിസ്ഥാന ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകുമെന്നാണ് പ്രതീക്ഷ. അതേസമയം, മുമ്പ് ഇതുപോലെ പ്രഖ്യാപിച്ച പാക്കേജുമായി താരതമ്യം ചെയ്യുമ്പോൾ ആ അവസ്ഥതന്നെ സംഭവിക്കുമോ എന്ന ആശങ്കയും ജില്ല പങ്കുവെക്കുന്നു. വിരലിലെണ്ണാവുന്ന പ്രഖ്യാപനങ്ങളാണ് ജില്ലക്ക് മാത്രമായി ഇത്തവണ ലഭിച്ചതെന്നും ആക്ഷേപമുണ്ട്. ബജറ്റിലെ ചില പൊതുപ്രഖ്യാപനങ്ങളിലാണ് ജില്ല ഇപ്പോൾ പ്രതീക്ഷയർപ്പിക്കുന്നത്.
ഇടുക്കിക്ക് ലഭിച്ചത്
ഇടുക്കിയിൽ ജലസേചന മ്യൂസിയം സ്ഥാപിക്കൽ -ഒരു കോടി
ഇടുക്കി എയർ സ്ട്രിപ്
ജില്ലയിൽ ചിൽഡ്രൻസ് ഹോം -1.10 കോടി
ഇടുക്കി മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ് -10 കോടി രൂപ
പണിക്കൻകുടി-കുരിശുങ്കൽ-ചെമ്പകപ്പാറ റോഡ് (അഞ്ചുമുക്ക് വഴി) -5 കോടി
ഇടുക്കിയിലെ പച്ചക്കറി സംഭരണത്തിന് ശീതീകരണശാല
ഇടമലക്കുടിക്ക് സമഗ്ര വികസന പാക്കേജ്
ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനുള്ള പാക്കേജാണ് ഇതിൽ പ്രധാനം. 15 കോടിയാണ് ബജറ്റിൽ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമായാണ് പാക്കേജ്. 2022-23 വർഷത്തിൽ ഭവനം, വൈദ്യുതി, റോഡ്, ഉപജീവന മാർഗങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ സാക്ഷാത്കരിക്കുകയും പാക്കേജിെൻറ ലക്ഷ്യമാണ്. ഇടമലക്കുടിക്ക് മുമ്പും ഒട്ടേറെ പ്രഖ്യാപനങ്ങൾ നടന്നിട്ടുണ്ട്. 2013ൽ ഒരു സ്പെഷൽ പാക്കേജ്തന്നെ ഇടമലക്കുടിക്ക് പ്രഖ്യാപിച്ചിരുന്നു. 10.35 കോടിയാണ് അന്ന് പ്രഖ്യാപിച്ചത്. വനം വകുപ്പിനായിരുന്നു നടത്തിപ്പ് ചുമതല. ആദ്യഘട്ടമെന്ന നിലയിൽ നാലര കോടി അനുവദിക്കുകയും ചെയ്തു. തുടർന്ന് എന്ത് സംഭവിച്ചെന്ന് ഇടമലക്കുടിക്കാർക്കുപോലും അറിയില്ല. ഇന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇടമലക്കുടി നേരിടുന്ന പ്രധാന പ്രശ്നം. പഴയ പാക്കേജിെൻറ സ്ഥിതിയും ഇതിനും വരരുതെന്നാണ് ഇവരുടെ ആവശ്യം.
ഇടുക്കി പാക്കേജിന് 75 കോടി
ഇത്തവണയും ജില്ലക്ക് ഇടുക്കി പാക്കേജിൽ 75 കോടിയുടെ പ്രഖ്യാപനമാണുള്ളത്. 2019 ൽ 5000 കോടിയും 2020 ൽ 1000 കോടിയും 2021 ൽ അവതരിപ്പിച്ച ബജറ്റിൽ 12,000 കോടിയും ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരുന്നു.
കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്രനിർമാർജനം എന്നിങ്ങനെ ആറ് മേഖലകളിലായി അഞ്ച് വർഷംകൊണ്ട് ഇടുക്കിയുടെ സമഗ്രവികസനമാണ് പാക്കേജിലുടെ ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ല വികസന കമീഷണറുടെ മേൽനോട്ടത്തിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കേണ്ട പദ്ധതികളുടെ പ്രാഥമിക പട്ടിക സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിയെ സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണ പോലും ഇല്ല. അതേസമയം, 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് അനുവദിച്ചത് 75 കോടി മാത്രമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ എത്ര നാൾ വേണ്ടിവരുമെന്നാണ് ഇടുക്കിക്കാരുടെ ചോദ്യം.
ഇപ്പോഴത്തെ പ്രഖ്യാപനംകൂടി ഉൾപ്പെടുത്തി ജില്ലയുടെ വികസനത്തിന് ഗതിവേഗം പകരുന്ന നടപടികൾ ഉണ്ടാകുമെന്നാണ് ജില്ല പ്രതീക്ഷിക്കുന്നത്.
ആശ്വസിക്കാം, ഈ പ്രഖ്യാപനങ്ങളിൽ
തൊടുപുഴ: സംസ്ഥാന ബജറ്റിൽ ഇടുക്കിക്കായി കാര്യമായ പദ്ധതികളില്ലെങ്കിലും ചില പൊതു പ്രഖ്യാപനങ്ങൾ ജില്ലക്ക് കൂടി ഗുണം ചെയ്യും. അത് മാത്രമാണ് ബജറ്റ് ജില്ലക്ക് നൽകുന്ന ആശ്വാസവും. മനുഷ്യ-വന്യമൃഗ സംഘർഷം, കാർഷിക-തോട്ടം മേഖലകളിലെ പ്രശ്നങ്ങൾ, ലയങ്ങളുടെ അടിസ്ഥാന സൗകര്യം, ആദിവാസി മേഖലകളുടെ വികസനം, വിനോദസഞ്ചാര വികസനം എന്നിവയുമായി ബന്ധപ്പെട്ട് കോടികളുടെ പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിെൻറ പ്രയോജനം ജില്ലക്ക് കൂടി ലഭിക്കുന്നതോടെ വികസനത്തിൽ പുത്തനുണർവ് കൈവരുമെന്നാണ് പ്രതീക്ഷ.
കൃഷി
റബർകൃഷി ഉപജീവനമാർഗമായ ആയിരക്കണക്കിന് ചെറുകിട കർഷകർ ജില്ലയിലുണ്ട്. റബർ സബ്സിഡിക്ക് 500കോടി ബജറ്റിൽ വക കൊള്ളിച്ചത് ഈ മേഖലയിലെ പ്രതിസന്ധിക്ക് കുറച്ച് പരിഹാരമാകും. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ 25 കോടിയും മലയോര മേഖലകളിൽ ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ഉപഭോക്താക്കളിലെത്തിക്കാൻ കോൾഡ് ചെയിൻ സൗകര്യം ശക്തിപ്പെടുത്താൻ പത്ത് കോടിയും അനുവദിച്ചത് ശീതകാല പച്ചക്കറിയുടെ കലവറയായ മറയൂർ, കാന്തല്ലൂർ മേഖലകളിലെ കർഷകർക്ക് ഏറെ ഗുണം ചെയ്യും.
വന്യജീവി ആക്രമണം
വന്യജീവി ആക്രമണത്തിൽ നഷ്ടം നേരിട്ട ആയിരത്തിലധികം കർഷകർ ജില്ലയിൽ അപേക്ഷ നൽകി നഷ്ടപരിഹാരത്തിന് കാത്തിരിപ്പുണ്ട്. മനുഷ്യ-വന്യമൃഗ സംഘർഷങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകാൻ ഏഴ് കോടി നീക്കിവെച്ചത് ഇവർക്ക് പ്രതീക്ഷ നൽകുന്നു. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ 25 കോടിയും പ്രകൃതിക്ഷോഭത്തിലും മറ്റും വിളനാശം സംഭവിച്ചാൽ അടിയന്തര സഹായം നൽകാൻ ഏഴര കോടിയും നീക്കി വെച്ചതും ഇടുക്കിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പ്രഖ്യാപനങ്ങളാണ്.
ആദിവാസി ക്ഷേമം
ജില്ലയിലെ 750ഓളം ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി ഇപ്പോഴും സ്വപ്നമാണ്. വനമേഖലകളിലെ വൈദ്യുതീകരിക്കാത്ത ഉൾനാടൻ ആദിവാസി ഊരുകളിൽ 300 കിലോവാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകൾ സ്ഥാപിക്കാൻ ബജറ്റിൽ മൂന്ന് കോടി നീക്കിവെച്ചിട്ടുണ്ട്. മറയൂരടക്കം ആദിവാസി മേഖലയിലെ 500 യുവാക്കൾക്ക് സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതികളിലൂടെ തൊഴിൽ ലഭ്യമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
തോട്ടം
തോട്ടങ്ങളുടെ നിർവചനത്തിൽ റബർ, കാപ്പി, തേയില എന്നിവക്കൊപ്പം പഴ വർഗങ്ങൾ ഉൾപ്പെടെ പുതിയ വിളകൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് തോട്ടം മേഖലക്ക് ആശ്വാസമാകുന്നത്. തോട്ടം തൊഴിലാളി ലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പത്ത് കോടിയും അനുവദിച്ചിട്ടുണ്ട്.
ഇവയും ആശ്വാസം
സർക്കാർ ആശുപത്രികളിൽ കൂടുതൽ അർബുദ ചികിത്സ സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനം ഇക്കാര്യത്തിൽ ഏറെ പിന്നാക്കമായ ജില്ലയിലെ രോഗികൾക്ക് ആശ്വാസമേകുന്നതാണ്. ഡാമുകളിലെ മണൽ വാരലിന് യന്ത്രങ്ങൾ വാങ്ങാൻ പത്ത് കോടി, ഓരോ പഞ്ചായത്തിലും കളിസ്ഥലം, എല്ലാ നിയമസഭ മണ്ഡലത്തിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എന്നീ പ്രഖ്യാപനങ്ങളും ജില്ലക്ക് പ്രയോജനം ചെയ്യും.
വിനോദ സഞ്ചാരം
പ്രളയത്തിലും കോവിഡിലും തളർന്ന ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് നേരിയ ആശ്വാസം നൽകുന്ന പദ്ധതികളും ബജറ്റിലുണ്ട്. ഈ മേഖലയിലെ പദ്ധതികൾക്ക് 362.15 കോടി നൽകുമെന്നും പുനരുജ്ജീവനത്തിനും വികസനത്തിനും ആയിരം കോടിയുടെ വായ്പ ലഭ്യമാക്കുമെന്നുമാണ് പ്രഖ്യാപനം. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പരിപാലനത്തിന് പത്ത് കോടിയും കാരവൻ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടിയും നീക്കിവെച്ചിട്ടുണ്ട്.
മണ്ഡലത്തിെൻറ മനസ്സറിഞ്ഞ ബജറ്റ് -എ. രാജ
മൂന്നാർ: ദേവികുളം നിയോജക മണ്ഡലത്തിെൻറ ആവശ്യങ്ങളറിഞ്ഞുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് എ. രാജ എം.എൽ.എ. ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് 15 കോടി അനുവദിച്ചത് റോഡ്, കുടിവെള്ളം, വൈദ്യുതി, വീട് എന്നിവക്കായി ചെലവഴിക്കും. അടിമാലി താലൂക്ക് ആശുപത്രിക്ക് ഭൂമി വാങ്ങി കെട്ടിടം നിർമിക്കാൻ 10 കോടി രൂപ അനുവദിച്ചത് വലിയ നേട്ടമായി. മൂന്നാർ ഹൈആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രത്തിന് ട്രെയിനിങ് കോംപ്ലക്സ് നിർമിക്കാനും ബജറ്റ് തുക വകയിരുത്തി. ഇനിയും ആവശ്യങ്ങൾ ഉണ്ടെങ്കിലും മണ്ഡലത്തിെൻറ മനസ്സറിഞ്ഞ ബജറ്റാണിതെന്നും എം.എൽ.എ പറഞ്ഞു.
ഇടുക്കി ജലസേചന മ്യൂസിയം വ്യക്തിപരമായ സന്തോഷം-മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ഇടുക്കിയിൽ ജലസേചന മ്യൂസിയം എന്ന ബജറ്റിലെ പ്രഖ്യാപനം വ്യക്തിപരമായി വളരെ സന്തോഷം നല്കുന്ന ഒന്നാണെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങളില്‍ ഇറിഗേഷന്‍ പദ്ധതികളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ മുന്നോട്ടുവെച്ച പദ്ധതിയാണ് ഇടുക്കിയിലെ ജലസേചന മ്യൂസിയം.
ഇടുക്കി-വയനാട്-കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുള്ളതും സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷക്ക് നല്കുന്ന പ്രത്യേക പരിഗണന വ്യക്തമാക്കുന്നു. മറ്റ് വിവിധ പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ കഴിയുന്നതുമാണ്. കാര്‍ഷിക മേഖലക്ക് മുന്‍ വര്‍ഷത്തെക്കാള്‍ 48 കോടി രൂപ അധികം തന്നിരിക്കുന്നത് ആയിരക്കണക്കിന് കൃഷിക്കാര്‍ക്ക് ലാഭകരമായി കൃഷി ചെയ്യാനും വളരെയധികം പ്രയോജനം ചെയ്യും. കായലുകളിലും പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ നീക്കുന്നതിന് വളരെ പ്രാധാന്യം ഈ ബജറ്റ് നല്‍കിയിട്ടുണ്ട്.
ഡാമുകളിലെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് എക്കല്‍ നീക്കാൻ ആധുനിക യന്ത്രങ്ങള്‍ വാങ്ങിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
തോട്ടംമേഖലക്ക് ആശ്വാസം -വാഴൂർ സോമൻ എം.എൽ.എ
പീരുമേട്: തോട്ടം മേഖലക്ക് തുക വകയിരുത്തിയത് ആശ്വാസമാണെന്ന് വാഴൂർ സോമൻ എം.എൽ.എ. ഇതോടൊപ്പം ലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പ്ലാന്റേഷൻ നയത്തിെൻറ തുടർച്ചയായി ഈ ബജറ്റിലും തുടർനടപടികൾ നടപ്പാക്കും. ഇതിെൻറ ഭാഗമായി വരുമാനം വർധിപ്പിക്കുന്നതിന് മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, അവക്കാഡോ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഇടവിളയായി കൃഷി ചെയ്യാനുള്ള നടപടികളും തുടരും. തൊഴിൽ സാധ്യതയും പ്രാദേശിക വിപണിയുടെ ഉന്നതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ പറഞ്ഞു.
നിരാശജനകം-പി.ജെ. ജോസഫ്
തൊടുപുഴ: പ്രതീക്ഷക്ക് വക നൽകുന്നതൊന്നും ബജറ്റിൽ ഇല്ലെന്ന് പി.ജെ. ജോസഫ് എം.എൽ.എ. വികസനോന്മുഖ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക മാന്ദ്യം മറികടക്കാൻ നിർദേശങ്ങളില്ല. റബർ വില സ്ഥിരത ഫണ്ട് 250 രൂപയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞതും വെറുതെയായി. 12,000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് അനുവദിച്ചത് 75 കോടി മാത്രമാണെന്നും പി.ജെ. ജോസഫ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.