മുട്ടം: മലങ്കര ഡാമിൽനിന്ന് കനാൽ വഴിയുള്ള ജലസേചനം ശനിയാഴ്ച തുടങ്ങി. ഇടത് കനാലിന്റെ ഷട്ടർ ഒരു മീറ്ററും വലതു കനാലിന്റെത് 1.5 മീറ്ററും ഉയർത്തിയാണ് ജലസേചനം ആരംഭിച്ചത്. ഇരുകനാൽ വഴിയും ജലസേചനം ആരംഭിച്ചെങ്കിലും ഇടതുകനാൽ വഴിയുള്ളത് നെടുങ്കണ്ടം വരെ മാത്രമേ ഉള്ളൂ. അതിനുശേഷം ഇത് കോലാനി തോട്ടിലേക്ക് ഒഴുക്കിവിടുകയാണ്. എം.വി.ഐ.പി രാമമംഗലം സബ്ഡിവിഷന് കീഴിലെ കനാൽ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാലാണ് ജലം വഴിതിരിച്ച് വിടുന്നത്. ഈമാസം അവസാനത്തോടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ജലസേചനം പൂർണതോതിലാക്കും. മലങ്കര ജലാശയത്തിലെ ജലനിരപ്പ് 40.7 മീറ്ററാണ്. കനാലിലൂടെ വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 40 മീറ്ററിലധികം ജലനിരപ്പ് ആവശ്യമാണ്.
ഇടത്-വലത് കര എന്നിങ്ങനെ 70 കിലോമീറ്ററോളമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റംകൂടി കോലാനി, മണക്കാട്, അരിക്കുഴ ഭാഗത്തുകൂടി ഒഴുകുന്ന വലതുകര കനാൽ 27 കിലോമീറ്ററും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന ഇടതുകര കനാൽ 30 കിലോമീറ്ററിലധികവുമാണ്. ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, മണക്കാട്, അരിക്കുഴ തുടങ്ങിയ പഞ്ചായത്തുകളിലുള്ളവർ കുടിവെള്ളത്തിനായും കൃഷി ആവശ്യത്തിനായും ആശ്രയിക്കുന്നത് ഈ കനാൽ ജലത്തെയാണ്. കനാൽ വഴി ജലം ഒഴുക്കിത്തുടങ്ങിയത് ഇരുകരയിലും താമസിക്കുന്നവർക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.