അടുത്തിടെ മറയൂരിലെ ഒരു കർഷകന് അഞ്ചേക്കറിൽ നട്ടുപരിപാലിച്ച കൃഷി വെട്ടിനശിപ്പിക്കേണ്ടിവന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെയോ കൃഷിഭവനിൽ നിന്നോ ആനുകൂല്യം ലഭിക്കാത്തതിനാലും തുടർച്ചയായി നഷ്ടം സംഭവിച്ചതിനാലുമാണ് പാതി വിളവായ കൃഷി മറയൂർ വട്ടവയലിൽ ബാബു വെട്ടിനശിപ്പിച്ചത്.
ഇത്തരത്തിൽ പ്രതിസന്ധിയുടെ കാണാക്കയത്തിലാണ് പല കർഷകരും. വർഷം മുഴുവൻ അധ്വാനിച്ച പച്ചക്കറികൾക്കടക്കം ന്യായവില ലഭിക്കുന്നില്ല. വിപണിയിൽ വിലയുണ്ടെങ്കിലും കർഷകന് കിട്ടുന്നത് തുച്ഛവില. വട്ടവടയിൽനിന്ന് ഏഴുകിലോമീറ്റർ ദൂരെയുള്ള കോവിലൂർ മാർക്കറ്റിൽ കാരറ്റിന് 40 രൂപ ഉള്ളപ്പോൾ കർഷകർക്ക് കിട്ടിയത് 10 രൂപ മാത്രം. റോഡടക്കം അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഇവർ വലിയതോതിൽ ഇടനിലക്കാരുടെ ചൂഷണത്തിനും ഇരയാകുന്നു. ഹോർട്ടികോർപ് ന്യായവില നൽകി വർഷം മുഴുവൻ സംഭരിച്ചാൽ പരിഹാരമാകും.
നിരന്തരം ആവശ്യപ്പെടുമ്പോൾ ഓണത്തിനും മറ്റും കുറച്ച് പച്ചക്കറി മാത്രമാണ് ഹോർട്ടികോർപ് സംഭരിക്കുന്നത്. ഇതിെൻറ പണം കൃത്യസമയത്ത് ലഭിക്കാറുമില്ല.
ജില്ലയുടെ മൊത്തം വരുമാനത്തിൽ കൃഷിയുടെ വിഹിതം സംസ്ഥാന ശരാശരിയുടെ മൂന്ന് മടങ്ങാണ്. 2011-12ൽ 4623 കോടിയായിരുന്നു ജില്ലയുടെ കാർഷിക വരുമാനം. 2018-19 ൽ 4225 കോടിയായി കുറഞ്ഞു. കാർഷിക മേഖലയുടെ മുരടിപ്പാണ് ഇത് വ്യക്തമാക്കുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കര്‍ഷകര്‍ വായ്പയെടുക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ഇല്ലാതെ വരുന്നതോടെ വായ്്പ തിരിച്ചടവ് മുടങ്ങും.
വിലത്തകര്‍ച്ച ഉള്‍പ്പെടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാന്‍ വിളസംഭരണവും പലിശ സബ്സിഡി ഉള്‍പ്പെടെയുള്ള നടപടികളും അനിവാര്യമാണ്. നാണ്യവിളകള്‍ ഉള്‍പ്പെടെ എല്ലാ ഉൽപന്നങ്ങളും വിലത്തകര്‍ച്ച നേരിടുമ്പോഴും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.
ശക്തമായ മഴയും മലവെള്ളപ്പാച്ചിലും മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിൽ നശിച്ചത് 10.39 കോടിയുടെ കൃഷി. മഴ ഏറ്റവും കൂടുതൽ ശക്തിയാർജിച്ച ഒക്ടോബർ 12മുതൽ നവംബർ 16വരെയുള്ള കണക്കാണിത്. 6448 കർഷകരുടെ 320.83 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിെൻറ കണക്ക്. ജില്ലയിലെ എട്ട് ബ്ലോക്കുകളിൽ പീരുമേട്ടിലാണ് നാശം കൂടുതൽ. ഉൽപാദനക്കുറവും വിലയിടിവും മൂലം പലരും കൃഷിയിൽനിന്ന് പിന്മാറുന്നതിനിടെ പാട്ടത്തിനെടുത്തും ബാങ്ക് വായ്പകൊണ്ടും കൃഷിയിറക്കി വിളവെടുപ്പിന് കാത്തിരുന്നവർക്കാണ് മഴക്കെടുതിയിൽ നഷ്ടം നേരിട്ടത്.
വിളകളുടെ വിലത്തകര്‍ച്ചയും കടബാധ്യതയും മൂലം കര്‍ഷകരുടെ ജീവിതം വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയിലാണ്. കറുത്ത പൊന്നിെൻറ നാടെന്നറിയപ്പെട്ടിരുന്ന ജില്ലയിലെ കുരുമുളക് കര്‍ഷകര്‍ കാലാവസ്ഥ വ്യതിയാനവും മറ്റും മൂലം വലിയ പ്രതിന്ധിയിലാണ്.
കിലോക്ക് 510 രൂപ നിരക്കിലാണ് വിപണിയിൽ കുരുമുളക് വില്പന. 2017ല്‍ 740 രൂപ വരെ കിട്ടിയിരുന്നു. പിന്നീട് വില കുത്തനെ ഇടിഞ്ഞു. മഴ നീണ്ടത് മൂലം ഉൽപാദനത്തിൽ വൻ തിരിച്ചടി ഉണ്ടായി. ഏതാനും വര്‍ഷങ്ങളായി ഏലം കര്‍ഷകര്‍ക്കും നഷ്ടക്കണക്കാണ് പറയാനുള്ളത്. ശരാശരി 700-1000 രൂപ നിരക്കിലാണ് ഇപ്പോള്‍ വില. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞു. കര്‍ഷകര്‍ക്ക് ഇടക്കാലാശ്വാസം നല്‍കിയിരുന്ന ഇടവിളയായ കൊക്കോയുടെ ഉൽപാദനവും നന്നേ കുറഞ്ഞു. വിലത്തകര്‍ച്ച കര്‍ഷകരെ കൊക്കോ കൃഷിയില്‍നിന്ന് അകറ്റി.
കൊക്കോപരിപ്പിന് 165 രൂപയാണ് ഇപ്പോള്‍. മുന്‍കാലത്ത് വിപണിയില്‍ എത്തിയിരുന്നതിെൻറ നാലിലൊന്നുപോലും ലഭ്യമല്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കാപ്പി വിലയില്‍ കാര്യമായ വ്യതിയാനമില്ലാത്തതിനാല് കര്‍ഷകര്‍ക്ക് പ്രത്യേക മമതയുമില്ല. ഗ്രാമ്പുവിനും വിലയിടിഞ്ഞു. ഒരു കിലോ ഗ്രാമ്പു വിളവെടുക്കാൻ 800 രൂപയോളം ചെലവാക്കണം. എന്നാൽ, വിലയായി ലഭിക്കുന്നത് 650 രൂപ മാത്രം. വിലത്തകര്‍ച്ച മൂലം ഇഞ്ചി, മഞ്ഞള്‍ കൃഷികൾ കര്‍ഷകര്‍ ഉപേക്ഷിച്ച മട്ടാണ്. ഇഞ്ചി കിലോക്ക് 50 രൂപയും മഞ്ഞളിന് 110 രൂപയുമാണ്.
ഇഞ്ചി കര്‍ഷകര്‍ വിലത്തകര്‍ച്ച മൂലം വിളവെടുക്കാത്ത സ്ഥിതിയുമുണ്ട്. പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കാവുന്ന സാഹചര്യം സൃഷ്ടിച്ചില്ലെങ്കിൽ കാര്‍ഷിക രംഗത്തെ സ്വയംപര്യാപ്തത വിദൂര സ്വപ്നമായി അവശേഷിക്കും.
ജില്ലയുടെ കാർഷിക മേഖലയിലെ പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കൃഷി വകുപ്പിെൻറ കണക്കുകുട്ടൽ. ഇതിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. മുട്ടം സ്പൈസസ് പാർക്കും നെടുങ്കണ്ടം കാർഷിക സംസ്കരണ കേന്ദ്രവും യാഥാർഥ്യമാക്കാൻ നടപടി പുരോഗമിക്കുകയാണ്.
ഹൈേറഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ പ്രത്യേകം ബ്രാൻഡ് ചെയ്ത് വിദേശ വിപണികളിൽ എത്തിക്കാൻ ഇടുക്കി പാക്കേജിൽ പദ്ധതിയുണ്ട്. പ്രകൃതിക്ഷോഭത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാര വിതരണം പൂർത്തിയായിവരുകയാണ്. ഉൽപന്നങ്ങൾ കൃഷി ഭവനിൽ രജിസ്റ്റർ ചെയ്ത് ഹോർട്ടികോർപ്പിലൂടെയും മറ്റും വിപണനം ചെയ്യുന്നുമുണ്ട്. എക്കോഷോപ്, ആഴ്ച ചന്തകൾ എന്നിവ സജീവമാണ്. കർഷകർക്ക് ഉൽപന്നത്തിന് പരമാവധി വില നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ എലിസബത്ത് പുന്നൂസ് പറഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.