തൊടുപുഴ: കെ-ഫോണിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ അടുത്തഘട്ടത്തിലേക്ക്. വാണിജ്യ കണക്ഷനുകൾ നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് കെ-ഫോൺ അധികൃതർ പറഞ്ഞു. രജിസ്ട്രേഷൻ അന്തിമഘട്ടത്തിലാണ്. പ്രാദേശിക കേബിൾ ടി.വി ഓപറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുക. സംസ്ഥാനത്ത് 924 പ്രദേശിക കേബിൾ ടി.വി ഓപറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ജില്ലയിൽ 750ലേറെ കണക്ഷൻ ഈ ഘട്ടത്തിൽ നൽകും. ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 1896.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. ആകെ ആവശ്യമായ 2292.8 കിലോമീറ്ററിന്റെ 82 ശതമാനമാണിത്. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ടവറുകളിലൂടെയാണ് 301.7 കി.മീ. കേബിൾ വലിക്കുന്നത്. 1991.1 കി.മീ. കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയും. 1596 സർക്കാർ ഓഫിസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ കണക്ഷൻ നൽകാൻ തീരുമാനിച്ചത്. ഇതിൽ 1026 ഓഫിസുകളിലും കണക്ഷൻ ലഭിച്ചിട്ടുണ്ട്.
ലക്ഷ്യത്തിന്റെ 64 ശതമാനം. ശേഷിക്കുന്നിടങ്ങളിൽ മോഡം, യു.പി.എസ്, റാക്ക് എന്നിവ സ്ഥാപിച്ചുകഴിഞ്ഞു. കണക്ഷൻ നൽകിയാൽ മാത്രം മതി. അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 573 ബി.പി.എൽ വീടുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. ഇതിൽ 122 വീടുകളിൽ കെ-ഫോൺ കണക്ഷൻ കിട്ടി. ബാക്കിയുള്ളതിൽ പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
കെ.എസ്.ഇ.ബിയും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാർ ഓഫിസുകൾക്ക് പുറമെ ഒരു നിയമസഭ മണ്ഡലത്തിൽ 100 ബി.പി.എൽ വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുകയാണ് ആദ്യഘട്ട ലക്ഷ്യം. പുതിയ ഗാർഹിക കണക്ഷൻ എടുക്കുന്നവർക്ക് എന്റെ കെ-ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ www.kfon.in വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.