''കോന്നി മെഡിക്കൽ കോളജ് ആനകുത്തി എന്ന് പറയുന്ന സ്ഥലത്താണ്. ആന ഇറങ്ങുന്ന സ്ഥലത്താണ് നിങ്ങൾ മെഡിക്കൽകോളജ് കൊണ്ട് വെച്ചത്. യാതൊരു തരത്തിലും ഇത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല.'' 2017ൽ നിയമസഭയിൽ അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ എനിക്ക് തന്ന മറുപടി രേഖകളിൽ ഇപ്പോഴുമുണ്ട്. 300 ബെഡ് സൗകര്യത്തോടെ കെട്ടിടവും അക്കാദമിക് ബ്ലോക്കിന്‍റെയും പണി പൂർത്തീകരിച്ച സാഹചര്യത്തിൽ മെഡിക്കൽകോളജിന്‍റെ പ്രവർത്തനം തുടങ്ങണമെന്ന് ഞാൻ നിയമസഭയിൽ ആവശ്യപ്പെട്ടു. മറുപടി എന്നെ ഞെട്ടിച്ചു. സഭ പിരിഞ്ഞതിനുശേഷം ഞാൻ ടീച്ചറെ കണ്ടു. മറുപടിയിലെ നീരസം അറിയിച്ചു. നിസ്സഹായത പ്രകടിപ്പിച്ച അവർ രാഷ്ട്രീയ തീരുമാനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കാണാനും നിർദേശിച്ചു. അവിടന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ടുകണ്ട് മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം തുടങ്ങാൻ വേണ്ട നടപടികൾക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിച്ചു. നോക്കാമെന്ന മറുപടിയാണ് അവിടെനിന്നും ലഭിച്ചത്. 2017ൽതന്നെ നമുക്ക് മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം തുടങ്ങാമായിരുന്നു. ഇത്രയും വൈകിപ്പിച്ചതിന് പിന്നിലെ രാഷ്ട്രീയ തീരുമാനം ഇനി പുറത്തുവരണം.
2011ൽ പുതിയ യു.ഡി.എഫ് സർക്കാർ വരുമ്പോൾ ആരോഗ്യവകുപ്പിന്‍റെ ചുമതലയായിരുന്നു എനിക്ക്. പുതിയ ബജറ്റ് ധനമന്ത്രി മാണി സാർ അവതരിപ്പിച്ചു. മെഡിക്കൽ കോളജുകൾ ഇല്ലാത്ത ജില്ലകൾ നോക്കി തുടങ്ങാമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശത്തെ തുടർന്ന് ഏറ്റവും പിന്നാക്ക പ്രദേശങ്ങളായ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസർകോട് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകി. ശബരിമല ഉൾപ്പെടുന്ന ജില്ലയെന്ന പ്രാധാന്യവും പത്തനംതിട്ടക്ക് ഗുണം ചെയ്തു. ആനകുത്തിയിലെ ഈ 50 ഏക്കർ ഭൂമി കൃഷിവകുപ്പിന്‍റേതാണെങ്കിലും ഭക്ഷ്യവകുപ്പിന്‍റെ കൈവശമായിരുന്നു. ആനകുത്തിയിലെ ഭൂമി തെരഞ്ഞെടുത്തതോടെ ജില്ലയുടെ പിതാവായ കെ.കെ നായരും എതിരായി. അദ്ദേഹം പുറത്തിറക്കിയ നോട്ടീസിൽ എനിക്ക് സ്വാധീനമുള്ള പ്രദേശത്ത് ഭൂമി തെരഞ്ഞെടുത്തതെന്ന് പരസ്യമായി ആക്ഷേപവും ഉന്നയിച്ചു.
തുടർന്ന് ഉമ്മൻ ചാണ്ടിയെ കൊണ്ട് തറക്കല്ലിട്ടു. ഇതിനിടെ ആരോഗ്യവകുപ്പ് വിട്ട് റവന്യൂവകുപ്പിലേക്ക് ഞാൻ മാറിയിരുന്നു. നിരന്തര പരിശ്രമത്തിലൂടെ നബാർഡിന്‍റെ ചെയർമാനുമായി സംസാരിച്ച് പദ്ധതിക്ക് പണം അനുവദിച്ചു. കേരളത്തിലെ നബാർഡിന്‍റെ ഉദ്യോഗസ്ഥർ ഇതിന് അകമഴിഞ്ഞ് സഹായിച്ചു. നിരന്തര ശല്യത്തിലൂടെ ചെയർമാനുമായി പരിചയക്കാരനായ എനിക്ക് പണം അനുവദിച്ചെന്ന് അറിയിച്ച് ഒരുദിവസം രാത്രി മുംബൈയിൽനിന്ന് ഫോൺ വന്നു.
അതിന്‍റെ പേപ്പറും അദ്ദേഹം എനിക്ക് അയച്ചുതന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ച നടക്കുന്നതിനിടെ ഈ പേപ്പറുമായി മുഖ്യമന്ത്രിയെ കാണുന്നു. ഓഫിസിൽ ആരോഗ്യ മന്ത്രിയും ശിവകുമാറും സെക്രട്ടറി രാജീവ് സദാനന്ദനും ഇരിക്കെ പേപ്പർ കൈമാറി. കല്ലിടിലിന്‍റെ തീയതി മുഖ്യമന്ത്രിയോട് ചോദിച്ചു. പദ്ധതിയുടെ പണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആശങ്കക്ക് പരിഹാരമായി നബാർഡിന്‍റെ സാമ്പത്തിക സഹായം അറിയിച്ചു. അവിടന്നങ്ങോട്ട് സ്വപ്ന പദ്ധതിയുടെ തുടക്കമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.