മൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോഴും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാതെ വൈദ്യുതി ബോർഡ്. സംസ്ഥാനത്ത് വ്യാഴാഴ്ച മൊത്ത വൈദ്യുതി ഉപഭോഗം 90.91 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 72.636 ദശലക്ഷം യൂനിറ്റും പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയപ്പോൾ 18.27 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. കഴിഞ്ഞവർഷം ഇതേ ദിവസത്തെ വൈദ്യുതി ഉൽപാദനം 34.02 ദശലക്ഷം യൂനിറ്റും ഉപഭോഗം 89.16 ദശലക്ഷം യൂനിറ്റുമായിരുന്നു.
ചൂട് കനത്തതോടെ നാൾക്കുനാൾ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. സർവകാല റെക്കോഡിനരികെ എത്തിയെങ്കിലും വേനൽമഴ ലഭിച്ചതോടെ പിന്നീട് താഴ്ന്നു. എന്നാൽ, രണ്ട് ദിവസങ്ങളായി വൈദ്യുതി ഉപഭോഗം 90 ദശലക്ഷത്തിന് മുകളിലാണ്. ഓരോ വർഷവും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ശരാശരി 2.5 ശതമാനത്തോളം വർധിക്കാറുണ്ട്. ഇതുപ്രകാരം ഈ മാസംതന്നെ സർവകാല റെക്കോഡ് മറികടക്കും.
2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗമാണ് നിലവിലെ റെക്കോഡ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഡാമുകളിൽ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവർഷം 50 ശതമാനം കരുതൽ ജലം അവശേഷിച്ചിരുന്നെങ്കിൽ ഇത്തവണ 46 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ പുറം വൈദ്യുതിക്ക് വില വർധിക്കാൻ സാധ്യതയുള്ള ഏപ്രിലിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് പുറം വൈദ്യുതി വാങ്ങുന്നത് കുറക്കാനാണ് തീരുമാനം. ശരാശരി 35 ദശലക്ഷം യൂനിറ്റ് വരെയാകും ആ സമയത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനം.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ വ്യാഴാഴ്ച 7.57 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരി 3.39, ഇടമലയാർ 0.249, കുറ്റ്യാടി 0.97, പന്നിയാർ 0.66, പള്ളിവാസൽ 0.43, നേര്യമംഗലം 0.534, കല്ലട 0.15 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റ് പ്രധാന ജലവൈദ്യുതി നിലയങ്ങളിലെ ഉൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.