കാഞ്ഞാർ: കുടയത്തൂർ സമ്പൂർണ ശുദ്ധജലപദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. സ്ഥാപിക്കാനുള്ള പൈപ്പുകൾ കുടയത്തൂരിൽ എത്തി. 2024 ഫെബ്രുവരിയിൽ നിർമാണം പൂർത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കാനാണ് വകുപ്പ് തല തീരുമാനം.
നിലവിൽ രണ്ട് കുടിവെള്ള ടാങ്കുകൾ വിപുലീകരിച്ചും പുതിയതായി 6 ടാങ്കുകൾ സ്ഥാപിച്ചുമാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മുട്ടത്തെ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി പെരുമറ്റത്ത് നിർമിക്കുന്ന ശുചീകരണ പ്ലാന്റിൽനിന്ന് ശുദ്ധജലം കുടയത്തൂരിൽ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. കുടയത്തൂർ അന്ധവിദ്യാലയത്തിന് സമീപം നിർമിക്കുന്ന വലിയ ടാങ്കിൽ ശുദ്ധജലം സംഭരിച്ചശേഷം കൈപ്പ, മോർക്കാട്, കൂവപ്പള്ളി,അടൂർമല എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ച് അവിടെനിന്ന് വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യും. 2.5 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണ് അന്ധവിദ്യാലയത്തിന് സമീപം നിർമിക്കുന്നത്.
ശുദ്ധജലക്ഷാമം ഉള്ള കുടയത്തൂർ പഞ്ചായത്തിൽ എല്ലാ മേഖലയിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിനെ ജലസമൃദ്ധമാക്കുന്ന മലങ്കര ജലാശയം ഉണ്ടെങ്കിലും പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. 32.78 കോടി രൂപ മുതൽ മുടക്ക് വരുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയിലൂടെ 3013 വീടുകളിലേക്കാണ് ശുദ്ധജലം എത്തുക. പദ്ധതി പൂർത്തിയാകുന്നതോടെ കുടയത്തൂർ പഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.