കുമളി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഏലക്ക മോഷ്ടിച്ച സംഘത്തെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശികളും നിരവധി മോഷണക്കേസുകളിലെ പ്രതികളുമായ ജയകുമാർ (34), പ്രസാദ് (40), കനകരാജ് (44) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച നെടുങ്കണ്ടത്തുനിന്ന് തമിഴ്നാട്ടിലേക്ക് ഏലക്ക കയറ്റിക്കൊണ്ടുപോയ ലോറിയെ പിന്തുടർന്നാണ് കവർച്ച നടത്തിയത്. ഓടിക്കൊണ്ടിരുന്ന ലോറിയിൽ പിന്നിലൂടെ കയറിയായിരുന്നു മോഷണം.
കുമളി മൂന്നാംമൈലിനും അണക്കരക്കും ഇടയിൽ സംസ്ഥാന പാതയിൽവെച്ച് ലോറിയുടെ പടുത കീറി ഒരു ചാക്ക് ഏലക്ക തള്ളിയിടുകയായിരുന്നു. മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ നൽകിയ വിവരമനുസരിച്ച് ലോറി റോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിയതോടെ വാഹനത്തിന് മുകളിൽ കയറിയയാൾ ഓടിക്കളഞ്ഞു. കുമളി പൊലീസെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മറ്റൊരു വാഹനത്തിൽ ലോറിയെ പിന്തുടരുകയായിരുന്ന മോഷ്ടാക്കളുടെ സംഘം പിടിയിലായത്. അറസ്റ്റിലായവർ തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കുമളി സബ് ഇൻസ്പെക്ടർ ജെഫി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, മോൻസി പി. രാജൻ, പൊലീസുകാരായ ജെയിംസ് മാത്യു, പി.എച്ച്. അഷ്റഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.