കുമളി: അധികൃതർ തുടരുന്ന അലംഭാവം അതിരുകടന്നതോടെ ശനിയാഴ്ച കുമളി പട്ടണം സ്തംഭിച്ചു. ദേശീയപാതയിൽ സ്പ്രിങ്വാലി മുതൽ കുമളി ടൗൺ വരെ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വാഹന ഗതാഗതം സ്തംഭിച്ചു. കുമളി ടൗണിലും പരിസരങ്ങളിലും ഏറെ നാളുകളായി ഗതാഗത നിയന്ത്രണത്തിൽ പൊലീസ് തുടരുന്ന അലംഭാവത്തിന്റെ നേർക്കാഴ്ചയായിരുന്നു ശനിയാഴ്ച സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു.
സ്പ്രിങ്വാലി-കുമളി ടൗൺ ദേശീയപാതക്ക് പുറമെ കുമളി-തേക്കടി റോഡ്, കുമളി-മൂന്നാർ റോഡിൽ കുമളി മുതൽ മൂന്നാം മൈൽ വരെയുള്ള പ്രദേശം, ഒന്നാം മൈൽ അട്ടപ്പള്ളം, ഒന്നാം മൈൽ ചെളിമട, തേക്കടി ബൈപാസ് റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ജില്ല ശാസ്ത്രമേളയോടനുബന്ധിച്ച് എത്തിയ വാഹനങ്ങൾ, ദീപാവലി അവധി ആഘോഷിക്കാൻ തമിഴ്നാട്ടിൽനിന്ന് എത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ, അട്ടപ്പള്ളത്തെ സ്വകാര്യ പാർക്കിലെത്തിയ വാഹനങ്ങൾ, പച്ചക്കറിച്ചന്തയിലെൽ എത്തിയ വാഹനങ്ങൾ എന്നിവയെക്കൊണ്ട് എല്ലാ റോഡിലും വാഹനങ്ങൾ നിറഞ്ഞു.
സ്വകാര്യ പാർക്കിനു മുന്നിലെ ഇടുങ്ങിയ റോഡിന്റെ ഇരുവശത്തുമായി പൊലീസ്, പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ തുടരുന്ന അനധികൃത പാർക്കിങ് അട്ടപ്പള്ളം റോഡ് സ്തംഭിപ്പിക്കുന്ന നിലയിലായി. കുമളിയിലേക്ക് ദിവസങ്ങളായി വാഹനങ്ങളുടെ ഒഴുക്ക് തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരുടെ റോളിലായിരുന്നു. പലഭാഗത്തും ഗതാഗതം നിയന്ത്രിക്കാൻ മാസങ്ങളായി പൊലീസിനെ കണികാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. തിരക്കേറിയ കുമളി ടൗൺ, തേക്കടി കവല, ഒന്നാം മൈൽ, ചെളിമട എന്നിവിടങ്ങളിലൊന്നും പൊലീസ് ഇല്ല.
ടൗണിലെ അനധികൃത കച്ചവടങ്ങൾ, പാർക്കിങ്, വൺവേ തെറ്റിക്കൽ, തുടങ്ങി വിവിധ കാര്യങ്ങളിൽ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ ഡിവൈ.എസ്.പി തലത്തിൽ യോഗം ചേർന്നെങ്കിലും ഒന്നും നടപ്പാക്കാൻ പൊലീസ് തയാറായില്ലന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.
ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ഒരുക്കങ്ങളൊന്നും തുടങ്ങാൻ പഞ്ചായത്തിനും കഴിഞ്ഞിട്ടില്ലന്ന് നാട്ടുകാർ പറയുന്നു. സൈൻ ബോർഡുകൾ, പാർക്കിങ് ഏരിയ, പാർക്കിങ് നിയന്ത്രണം, വൺവേ തുടങ്ങി ഒരു കാര്യത്തിനും ടൗണിൽ ബോർഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത്, പൊലീസ് അധികൃതരുടെ അനാസ്ഥകാരണം ശനിയാഴ്ച വൈകീട്ടുണ്ടായ ഗതാഗതക്കുരുക്കിൽ ഏറെ വലഞ്ഞത് ഇരുചക്രവാഹനക്കാരും നാട്ടുകാരുമായിരുന്നു. കനത്ത മഴയിൽ ഗതാഗതകുരുക്കിൽപെട്ട് മണിക്കൂറുകളോളം യാത്രക്കാർ ദുരിതത്തിലായി. ടൗണിൽ ഇത്രയധികം വാഹനങ്ങൾ എത്തുമെന്ന് മുൻകൂട്ടി അറിവുണ്ടായിട്ടും ആവശ്യമായ ക്രമീകരണം നടത്താതിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഗതാഗതക്കുരുക്കിന് വഴിവെച്ചതെന്നാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.