മുട്ടം: മലങ്കര ഡാമിന്‍റെയും ഇടുക്കി ആർച്ച് ഡാമിന്‍റെയും വികസനത്തിനായി സമർപ്പിച്ച പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്ന കേന്ദ്ര ടൂറിസം മന്ത്രിയുടെ വാക്കിൽ ഇടുക്കിക്ക് പ്രതീക്ഷ. ജില്ലയിൽ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ശൃംഖല സൃഷ്ടിക്കാൻ സ്വദേശി ദർശൻ സ്കീമിൽ ഉൾപ്പെടുത്താൻ സമർപ്പിച്ച പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണ് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി കിഷൻ റെഡി ഡീൻ കുര്യാക്കോസ് എം.പിയുമായുള്ള ചർച്ചയിൽ അറിയിച്ചത്. ഇത് ഇടുക്കിയുടെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ.
ഇടുക്കി ലേസർ പവിലിയൻ, നാടുകാണി സ്കൈ വാക്ക്, മലങ്കര ഡാം കൺവെൻഷൻ സെന്‍റർ, തൊടുപുഴ ടൗൺ സ്ക്വയർ മൂന്നാർ ഹൈഡൽ പാർക്ക്, എന്നീ സ്ഥലങ്ങളിൽ തീർഥാടന ടൂറിസം ,ഹെൽത്ത് ആൻഡ് വെൽനസ് ടൂറിസം, ഇവൻറ് ടൂറിസം, എന്നീ മേഖലകൾ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലഘട്ടത്തിൽ എം.എൽ.എ പി.ജെ. ജോസഫ് മുൻകൈയെടുത്ത് സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരമാകുന്നത്. പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും അഞ്ച് പദ്ധതികളാണ്. തൊടുപുഴ നിയോജകമണ്ഡലത്തിലെ മൂന്ന് പദ്ധതികളും ഇടുക്കി, ദേവികുളം നിയോജകമണ്ഡലത്തിലെ ഓരോ പദ്ധതിയും.
11 കിലോമീറ്റർ ദൂരത്തിൽ പരന്നുകിടക്കുന്ന മലങ്കര ഡാം റിസർവോയറിനെ ചുറ്റിപ്പറ്റി ട്രക്കിങ് പാത, എട്ട് കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്ക്, ജലാശയത്തിൽ കയാക്കിങ് ബോട്ടുകൾ സോളാർ ബോട്ട് എന്നിവയും പദ്ധതിയിലുണ്ട്.
കൺവെൻഷൻ സെന്‍റർ, കുട്ടികൾക്കുള്ള വിപുലമായ പാർക്ക്, വൈകുന്നേരങ്ങളിൽ ലൈറ്റ് ഷോ തുടങ്ങിയവയും വിഭാവനം ചെയ്തിട്ടുണ്ട്.
വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികൾ
•മലങ്കര ടൂറിസം പദ്ധതിയും കൺവെൻഷൻ സെന്ററും. (102 കോടി)
• തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് മൈതാനം വിശ്രമ, വിനോദകേന്ദ്രമായി വികസിപ്പിക്കും
• മുനിസിപ്പൽ പാർക്കുമായി ബന്ധിപ്പിച്ച് തൂക്കുപാല നിർമാണവും. (അഞ്ച് കോടി)
• ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ലേസർ പവിലിയൻ (29.3 കോടി)
• നാടുകാണി ആകാശപ്പാത (സ്കൈ വാക്ക്) (30 കോടി).
•മൂന്നാർ ഹൈഡൽ പാർക്ക്.(14.7 കോടി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.