അടിമാലി: ഓരിലെ വെള്ളം കുടിക്കാൻ കൂട്ടത്തോടെ കാട്ടാനകളെത്തുന്ന ആനക്കുളത്തിന്റെ പെരുമയിൽ വിനോദ സഞ്ചാരികളുടെ ഹൃദയത്തിൽ ഇടംപിടിച്ച സ്ഥലമാണ് മാങ്കുളം. ഒന്നും രണ്ടുമല്ല, ഇവിടെ വെള്ളച്ചാട്ടങ്ങൾ മുപ്പതിലേറെയാണ്.
മുമ്പ് ആനക്കുളമായിരുന്നു വിശാലമായ മാങ്കുളം ഭൂപ്രദേശത്തേക്കുള്ള സഞ്ചാരികളുടെ ആകർഷണം. ഇപ്പോൾ കൊച്ചി-ധനുഷ്കോടി ദേശീയപാതിയിൽ കല്ലാറിൽ നിന്നോ ആറാംമൈലിൽ നിന്നോ മാങ്കുളത്തേക്ക് പുറപ്പെട്ടാൽ ഒരോ കാഴ്ചയും മനംനിറക്കുന്നതായി. സഞ്ചാരയോഗ്യമായ റോഡ് വന്നതോടെയാണ് മാങ്കുളത്തിന്റെ ഗതി മാറിയത്. നിരവധി വെളളച്ചാട്ടങ്ങളും പുഴകളും അരുവികളും പ്രകൃതി രമണീയമായ കുന്നുകളും താഴ്വരകളുമാണ് മാങ്കുളത്തെ വിനോദ സഞ്ചാരികൾ നെഞ്ചിലേറ്റാൻ കാരണം.
മൂന്നാർ യാത്രികരാണ് കൂടുതലും മാങ്കുളത്ത് എത്തുന്നത്. മാങ്കുളത്തേക്ക് മാത്രമായി എത്തുന്നവരുമുണ്ട്. ഒരിക്കൽ വന്നവർ വീണ്ടും മാങ്കുളത്തെ തേടി എത്തുന്നു. ടൂറിസം വകുപ്പോ സർക്കാറോ മാങ്കുളത്തിന്റെ ടൂറിസം വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെങ്കിലും പ്രകൃതിയൊരുക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ ആകർകിക്കുന്നത്. ഒട്ടേറെ ആദിവാസി ഗോത്ര സങ്കേതങ്ങളാലും സമ്പന്നമാണിവിടം.
ആദിവാസികളുടെ ജീവിത രീതികൾ മനസിലാക്കാനും സഞ്ചാരികൾ ഇവിടെയെത്തുന്നു. മാങ്കുളത്ത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ വാഹന സഫാരി ഉൾപ്പെടെ സജ്ജമാക്കിയും സഞ്ചാരികളെ ആകർഷിക്കുന്നു. ആദിവാസി കോളനികളിലേക്ക് ആദ്യം ട്രക്കിങ് തുടങ്ങിയത് വനം വകുപ്പാണ്. ഉയർന്ന ഫീസ് വാങ്ങിയതോടെ വിമർശനം ഉയർന്നു. ഇതോടെ വനംവകുപ്പ് പിന്മാറി. ടാക്സി ഡ്രൈവർമാരാണ് ഇപ്പോൾ ട്രക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വന നിയമങ്ങൾ ചൂണ്ടിക്കാട്ടി ഇത് അട്ടിമറിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നുണ്ട്. ഏറ്റവും സാഹസികതയും മനോഹരവുമായ ഓഫ് റോഡ് സവാരി അനുഭവച്ചറിയാൻ ഇവിടെ എത്തണം.
ലോകോത്തര വെള്ളച്ചാട്ടങ്ങളോട് കിടപിടിക്കുന്നവയാണ് മാങ്കുളത്തെ തണുപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ. നല്ലതണ്ണി പുഴക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന തൂക്കുപാലം ഏവരിലും ജിഞജാസ ഉണർത്തും. മാങ്കുളത്ത് എത്തുന്ന സഞ്ചാരികളിൽ എറെയും വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതികളായ കൈനഗിരി വാട്ടർ ഫാൾസ്, പണ്ടുകാലത്ത് പുലികൾ വസിച്ചിരുന്ന മടകളുടെ അനുഭവം പകർന്ന് നൽകുന്ന ടൈഗർ കേവ് ട്രക്കിങ് എന്നിവ ആസ്വദിച്ചാണ് മടങ്ങുന്നത്. കേന്ദ്ര സർക്കാറിന്റെ ജൈവ സർട്ടിഫിക്കേഷൻ പദ്ധതിയായ ഓർഗാനിക്ക് വില്ലേജ് പൂർത്തിയാക്കുന്നതോടെ മാങ്കുളം ഇനിയും കൂടുതൽ തിരക്കേറിയ സഞ്ചാര ഇടമായി മാറും. 500 ഹെക്ടർ സ്ഥലത്താണ് പഞ്ചായത്തിലെ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തി ജൈവ വില്ലേജ് തുടങ്ങുന്നത്. 2025ൽ പദ്ധതി പൂർത്തിയാക്കുന്ന പ്രവർത്തനമാണ് നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് പറഞ്ഞു. ഇത് ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കും. മാങ്കുളം പഞ്ചായത്തിലെ പൊതു ഇടങ്ങളിലെല്ലാം പൊതു ശുചിമുറികൾ സ്ഥാപിച്ചു. സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയായി ഇത് മാറി.
അടിമാലി: നാലു വശങ്ങളും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മാങ്കുളം. അതിനാൽ, വനംവകുപ്പിന്റെ ഇടപെടൽ കൂടുതലാണ്. 2018ലെ പ്രളയത്തിൽ തകർന്ന പഞ്ചായത്തിലെ, ജലവൈദ്യുതി പദ്ധതി തകർക്കാൻ വനം വകുപ്പ് രംഗത്തിറങ്ങിയതാണ് പുതിയ വിഷയം.
ഭൂമി വനം വകുപ്പിന്റേതാണെന്നും തുടർ പ്രവർത്തനം പാടില്ലെന്നുമാണ് നിലപാട്. വൈദ്യുതി ഉൽപാദിപ്പിച്ച് ബോർഡിന് കൈമാറി വരുമാനം കണ്ടെത്തിയ ഈ പദ്ധതി ഇപ്പോൾ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ദേവിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പെരുമ്പൻ കുത്ത് വെള്ളച്ചാട്ടത്തിൽ നിർമിച്ച വാച്ച് ടവർ പിടിച്ചെടുക്കാൻ വനം വകുപ്പ് നീക്കം നടത്തിയിരുന്നു. ഇത് ക്രമസമാധന തകർച്ചക്കും വിവാദത്തിനും കാരണമായിരുന്നു.
ഇതിനുശേഷമാണ് പഞ്ചായത്തിന്റെ വൈദ്യുതി നിലയം പിടിപ്പെടുക്കാൻ വനം വകുപ്പ് നീക്കം നടത്തുന്നത്. അതുപോലെ ആലുവ-മൂന്നാർ രാജപാത വിഷയത്തിലും വനം വകുപ്പ് പൊതുജനത്തിന് എതിരായി നിലപാട് എടുത്തു.
അടിമാലി: പാലാ സെൻട്രൽ ബാങ്കിന്റെ അധീനതയിലുണ്ടായിരുന്ന 956 ഹെക്ടർ ഭൂമി പതിച്ച് നൽകിയതോടെയാണ് മാങ്കുളത്ത് ജനവാസം ഉണ്ടായത്. കൂടാതെ കണ്ണൻ ദേവൻ കമ്പനിയിൽ നിന്ന് മിച്ചഭൂമിയായി തിരിച്ചിട്ട സ്ഥലം, ഭൂരഹിതരെ കണ്ടെത്തി സർക്കാർ ഇവിടെ ഭൂമി നൽകി കുടിയിരുത്തി. കൂടാതെ കുടിയേറ്റ കർഷകരുമുണ്ട്. ഇതോടെ ജനവാസം കൂടി. വനത്തോടും വന്യമൃഗങ്ങളോടും മല്ലിട്ടാണ് ഇവർ ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിയത്.
നല്ല റോഡുകളോ ജീവിത സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. മൂന്നാർ പഞ്ചായത്ത് വിഭജിച്ച് 2000-ൽ മാങ്കുളം പഞ്ചായത്ത് രൂപവത്കരിച്ചു. ഇതിന് ശേഷമാണ് മാങ്കുളം വളർന്നതും ടൂറിസം കേന്ദ്രമായി മാറിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.