മറയൂര്‍: വട്ടവട പഞ്ചായത്തിൽ മൊബൈൽ ടവറിനായി വിദ്യാർഥികൾ സമരത്തിലേക്ക്. വിദ്യാർഥികൾ വനംവകുപ്പിനെതിരെ പ്ലക്കാർഡുകളുമായി സൂചന സമരം നടത്തി.
സാമിയാറളകുടി, വത്സപ്പെട്ടികുടി, വയല്‍തറ, കൂടല്ലാര്‍കുടി, മൂലവള്ളം തുടങ്ങിയ ആദിവാസി ഊരുകളിലായി 120 വിദ്യാര്‍ഥികളും ചിലന്തിയാര്‍ മേഖലയില്‍ നൂറ്റിയമ്പതിലധികം വിദ്യാര്‍ഥികളുമാണ് പഠനാവശ്യത്തിനായി മൊബൈല്‍ ടവര്‍ ആവശ്യപ്പെട്ട് സമരം നടത്തിയത്. ഇവിടെ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ പഠനം നടക്കുന്നില്ലെന്നാണ് കുട്ടികൾ പറയുന്നത്. മലയോര മേഖലയിലെ വിദ്യാർഥികളുടെ നെറ്റ്വർക്ക് പ്രശ്നങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന് അതത് ജില്ലകളില്‍ മൊബൈൽ സേവനദാതാക്കളുടെ യോഗം കലക്ടർ, വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങൾക്ക് മുമ്പ് ചേർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികൾ ടവര്‍ സ്ഥാപിക്കാന്‍ തയാറാകുകയും ചെയ്തു. പഞ്ചായത്ത് എന്‍.ഒ.സി നല്‍കുകയും ടവര്‍ നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്കം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ വനംവകുപ്പ് തടസ്സം സൃഷ്ടിക്കുകയാണെന്ന് ആദിവാസികള്‍ ആരോപിക്കുന്നു.
കുട്ടികളുടെ നേതൃത്വത്തില്‍ ഊരുകളില്‍ നടത്തിയത് സൂചന സമരം മാത്രമാണെന്നും തങ്ങളുടെ മക്കളുടെ ഭാവി ഇരുളടപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമരം ശക്തമാക്കുമെന്ന് പഠന സൗകര്യം ലഭിക്കാത്ത ആദിവാസി ഊരുകളിലെ രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, ടെലികമ്യൂണിക്കേഷന്‍ ആക്ട് പ്രകാരം സ്വകാര്യ കമ്പനികളുടെ ഇൻറർനെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ പഠനം നടക്കുന്നതായും ഫോറസ്റ്റ് റൈറ്റ് ആക്ട് പ്രകാരം ചിലയിടങ്ങളിൽ ടവര്‍ വെക്കാനുള്ള അനുവാദം നിയമം അനുവദിക്കുന്നില്ലെന്നും വനംവകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.