മൂന്നാർ: കൂട്ടംതെറ്റിയോടുന്ന കുട്ടിയാനകൾക്കൊപ്പം അലസ സഞ്ചാരം നടത്തുന്ന ആനക്കൂട്ടങ്ങൾ, വിശാലമായ ജലപ്പരപ്പിലൂടെ തെന്നിനീങ്ങുന്ന സ്പീഡ് ബോട്ടുകൾ! സന്ദർശകർക്ക് കാഴ്ചയുടെ വർണവിസ്മയം തീർക്കുകയാണ് ഇപ്പോൾ മാട്ടുപ്പെട്ടിയും പരിസരങ്ങളും.
മാസങ്ങളോളം വിജനമായിരുന്ന മാട്ടുപ്പെട്ടി, കുണ്ടള മേഖലയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് മനസ്സ് നിറക്കുന്ന കാഴ്ചകളാണ്. കഴിഞ്ഞ ഒരാഴ്ചയായി കാഴ്ചക്കാരുടെ തൊട്ടുമുന്നിൽ വിഹരിക്കുന്നത് നിരവധി കാട്ടാനക്കൂട്ടങ്ങളാണ്. മാട്ടുപ്പെട്ടി അണക്കെട്ടിന് ഇരുവശവും പുൽമേടുകളിൽ ഇപ്പോൾ നിരവധി ആനകളാണ് മേഞ്ഞുനടക്കുന്നത്.
ഇൻഡോ സ്വിസ് പ്രോജക്ട് മുതൽ എക്കോ പോയൻറ് വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ ആനകളെ കാണാൻ കഴിയുന്നത്. ശാന്തശീലരായ ഇവിടത്തെ ആനകളെ സഞ്ചാരികൾ കല്ലെറിഞ്ഞും ശബ്ദമുണ്ടാക്കിയും ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഇപ്പോൾ വനംവകുപ്പ് വാച്ചർമാരുടെ കാവലുമുണ്ട്. രാവിലെയും വൈകീട്ടും ജലാശയത്തിെൻറ അക്കരെ എത്തുന്നത് പത്തുമുതൽ 20 വരെ ആനകളുടെ സംഘങ്ങളാണ്. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ളവ മുതൽ വലിയ കൊമ്പനാനകൾ വരെ ഇതിലുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കുട്ടിയാനകളെ കാണാൻ കഴിയുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരു കൂട്ടത്തിൽ തന്നെ രണ്ടും മൂന്നും കുഞ്ഞുങ്ങൾ ഉണ്ട്. മൂന്നാറിലെത്തുന്നവർക്ക് കാട്ടാനക്കൂട്ടത്തെ അടുത്തുകാണാൻ കഴിയുന്ന ഏക സ്ഥലമാണ് മാട്ടുപ്പെട്ടി.
ഓണത്തിരക്കൊഴിഞ്ഞു; തേക്കടിയിൽ ആളൊഴിഞ്ഞു
കുമളി: നീണ്ട ഇടവേളക്കുശേഷം ഓണക്കാലത്ത് സജീവമായ തേക്കടിയിൽ വീണ്ടും ആളൊഴിഞ്ഞു. ഓണക്കാലത്ത് അവധി ദിനങ്ങൾ ആഘോഷിക്കാൻ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി കുടുംബങ്ങളാണ് തേക്കടിയിലെത്തിയത്.
ബോട്ട് ടിക്കറ്റ് നിരക്ക് പഴയ നിലയിലാക്കിയതും ഹോം സ്റ്റേ മുതൽ വൻകിട റിസോർട്ടുകൾ വരെ നിരക്കുകളിൽ ഇളവുനൽകിയതും വിനോദസഞ്ചാരികൾ ധാരാളമായി തേക്കടി സന്ദർശിക്കാൻ കാരണമായി. മുൻകാലങ്ങളിൽ ഓണത്തിരക്കിന് പിന്നാലെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് ധാരാളം സഞ്ചാരികൾ തേക്കടിയിലെത്താറുണ്ട്.
കോവിഡിെൻറ പശ്ചാത്തലത്തിൽ അയൽസംസ്ഥാനങ്ങളിലേക്കുള്ള യാത്ര തടസ്സവും മറ്റു നിബന്ധനകളും വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികളെ ചൂഷണംചെയ്യുന്ന സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതും മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്. ടൂറിസം സംരക്ഷണത്തിനെന്നപേരിൽ രൂപവത്കരിക്കപ്പെട്ട ചില സംഘടനകളും സഞ്ചാരികളെ ചൂഷണം ചെയ്യുന്നതിൽ മുന്നിലാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.