തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ദുരുപയോഗം ചെയ്ത് മെഡിക്കൽ ഷോപ്പുകളിൽനിന്ന് യുവാക്കളടങ്ങുന്ന സംഘം ഇൻജക്ഷൻ മരുന്നുകൾ വാങ്ങുന്നതായി കണ്ടെത്തൽ. ഒ.പി ടിക്കറ്റ് വാങ്ങിയ ശേഷം ഡോക്ടറെ കാണാതെ ചീട്ടിൽ സ്വന്തമായോ ആരെയെങ്കിലും കൊണ്ടോ ഇൻജക്ഷൻപോലുള്ള ചില പ്രത്യേക മരുന്നുകൾ എഴുതിയ ശേഷം മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇവ വാങ്ങുന്നതായാണ് വിവരം. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു.
വിവരം ആശുപത്രിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറുകാരാണ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. യുവാക്കളാണ് കുറിപ്പടിയുമായി വരുന്നത്. തിരക്കുള്ള സമയങ്ങളിൽ കാഷ്വൽറ്റി ഒ.പി ടിക്കറ്റ് എടുത്ത് ഇവർ ഡോക്ടറെ കാണിക്കാതെ നേരെ പുറത്തുപോയി ഇൻജക്ഷൻ എഴുതി മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങുകയാണെന്നാണ് വിവരം. ഡ്രഗ്സോ മറ്റോ ഉപയോഗിക്കുന്നവരാണോ സംഭവത്തിന് പിന്നിലെന്നാണ് സംശയം. സാധാരണ ഒ.പി ചീട്ടിൽ ഇവർ കുറിച്ച ഇൻജക്ഷൻ വീടുകളിൽ ചെന്നും മറ്റും ഉപയോഗിക്കുന്നതല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിങ്കളാഴ്ച ഇപ്രകാരമുള്ള കുറിപ്പടിയുമായി എത്തിയ ഒരാളെ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ ആശുപത്രിയിലേക്ക് ഇതിന്റെ വസ്തുത അറിയാൻ വിളിച്ചുകൊണ്ട് പോയെങ്കിലും ഇയാൾ ഇടക്കുവെച്ച് മുങ്ങിയത്രേ.
ചില മരുന്നുകൾ 20 ആംപ്യൂളുകൾ എന്ന തരത്തിൽ എഴുതിയാണ് മെഡിക്കൽ ഷോപ്പുകളിൽ എത്തുന്നത്. ആശുപത്രിയിൽ ഒരു സ്റ്റാഫിനോടും ചീട്ടിൽ ഒരു മരുന്ന് എഴുതിത്തരുമോ എന്ന് ചോദിച്ചതായി ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംശയം തോന്നി അന്വേഷിച്ചപ്പോൾ വാർഡിലെ കുട്ടിയെക്കൊണ്ട് അവർ എഴുതിപ്പിക്കാൻ ശ്രമിച്ചതായും ജീവനക്കാർ ഇത് കണ്ടതോടെ ഇവർ കടന്നുകളയുകയായിരുന്നുവെന്നും പറയുന്നു. ഇത് സംബന്ധിച്ച് തൊടുപുഴ പൊലീസിൽ ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നു. സംഭവം ആവർത്തിച്ച സാഹചര്യത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ജില്ല ആശുപത്രിയുടെ ഒ.പി ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ സ്ഥാപന ഉടമകൾ ജില്ല ആശുപത്രിയുമായി ബന്ധപ്പെടണമെന്നും സൂപ്രണ്ട് അറിയിപ്പ് നൽകിയിട്ടുണ്ട്.
തൊടുപുഴ: ജില്ല ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ദുരുപയോഗം ചെയ്ത് മെഡിക്കൽ ഷോപ്പുകളിൽനിന്ന് കുത്തിവെപ്പ് മരുന്നുകൾ വാങ്ങുന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയതായും തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു പറഞ്ഞു. അതേസമയം, ജില്ല ആശുപത്രി തൊടുപുഴയിലെ ഒ.പി ടിക്കറ്റ് ദുരുപയോഗിച്ച് സാമൂഹികദ്രോഹികൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഇൻജക്ഷനുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട സ്ഥാപന ഉടമകൾ ജില്ല ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് തൊടുപുഴ ജില്ല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04862 222630.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.