അടിമാലി: സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണംമുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ സംരക്ഷണവും അറ്റകുറ്റപ്പണിയും ഇല്ലാതെ നശിക്കുന്നു. പഞ്ചായത്ത്, റവന്യൂ, വൈദ്യുതി, വിദ്യാഭ്യാസം, പൊതുമരാമത്ത്, വനംവകുപ്പുകളുടെ കെട്ടിടങ്ങളാണ് കൂടുതലും നശിക്കുന്നത്. ഇവയിൽ കൂടുതലും വൈദ്യുതി വകുപ്പിെൻറ കെട്ടിടങ്ങളാണ്. അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും നിര്‍മിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് താമസിക്കുകയെന്ന ലക്ഷ്യത്തോടെ നൂറുണക്കിന് കെട്ടിടങ്ങളാണ് ഹൈറേഞ്ചില്‍ വൈദ്യുതി വകുപ്പ് നിർമിച്ചത്. പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി ജീവനക്കാര്‍ മടങ്ങിയതോടെ ബോര്‍ഡിന് ഇത്തരത്തില്‍ കെട്ടിടങ്ങളും വേണ്ടാതായി. ആദ്യനാളുകളില്‍ ബോര്‍ഡ് ജീവനക്കാരും ഇതര സര്‍ക്കാര്‍ ജീവനക്കാരും ബോര്‍ഡിെൻറ ഇത്തരം കെട്ടിടങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണി നടത്തി കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിൽ അധികൃതര്‍ പരാജയപ്പെട്ടതോടെ കെട്ടിടങ്ങളില്‍ 95 ശതമാനവും ഉപയോഗശൂന്യമായി. വെള്ളത്തൂവല്‍, കത്തിപ്പാറ, പൊന്മുടി, ചിത്തിരപുരം, മൂന്നാര്‍, മാട്ടുപ്പെട്ടി, ലോവര്‍പെരിയാര്‍, ചെറുതോണി എന്നിവിടങ്ങളിലായി 1000ലേറെ കെട്ടിടങ്ങളാണ് ഇത്തരത്തില്‍ നശിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ സാംസ്കാരിക നിലയങ്ങളും ലൈബ്രറികളും തുടങ്ങി ഒട്ടേറെ കെട്ടിടങ്ങളാണ് ഉപയോഗപ്രദമല്ലാതെ നശിക്കുന്നത്.
സാമൂഹികവിരുദ്ധരുടെ കേന്ദ്രം
ആധുനിക രീതിയില്‍ നിര്‍മിച്ച ഇത്തരം കെട്ടിടങ്ങള്‍ ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ പിടിയിലുമാണ്. കാടുകയറിയതിനാല്‍ സമീപവാസികള്‍ക്കുപോലും ഏറെ ഭീതിയുണ്ടാക്കുന്ന വിധമാണ് ഇവയുടെ പരിസരം. തകര്‍ക്കപ്പെട്ട വാതിലുകള്‍, ജനാലകള്‍, വൈദ്യുതി സാമഗ്രികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഈ കെട്ടിടങ്ങള്‍ക്കകത്ത് കാണാം.
ലക്ഷങ്ങള്‍ ചെലവഴിച്ചുനിര്‍മിച്ച കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണ്. വിവിധ മേഖലകളില്‍ തയ്യല്‍, അച്ചടി, വസ്ത്രം യൂനിറ്റുകളുടെയും അവസ്ഥ ഇതുതന്നെ. കോടികള്‍ മുടക്കിയിട്ടും ലക്ഷ്യം കാണാതെപോയ ഇത്തരം പദ്ധതികള്‍ സംരക്ഷിക്കുന്നതില്‍ വകുപ്പ് മേധാവികള്‍ പുലര്‍ത്തിയ അലംഭാവമാണ് കാരണം. പത്താംമൈല്‍ ടൗണിനോട് ചേര്‍ന്ന് റവന്യൂ വകുപ്പ് കെട്ടിടം ഇടിഞ്ഞുവീഴാറായി. ദേവിയാര്‍ കോളനി സ്ഥാപിച്ചപ്പോള്‍ നിര്‍മിച്ച കെട്ടിടമാണ് ഇത്. കരിങ്കല്ലുകൊണ്ട് ഭിത്തി ഉള്‍പ്പെടെ പണിത ഈ കെട്ടിടത്തിെൻറ വാതിലും ജനലുമടക്കമുള്ളവ സാമൂഹികവിരുദ്ധര്‍ കടത്തി.
പത്താംമൈല്‍ 20 സെൻറ് കോളനിയില്‍ പഞ്ചായത്ത് പണിത സാംസ്കാരിക നിലയത്തിെൻറ അവസ്ഥയും ഇതുതന്നെ. രാത്രിയില്‍ നാട്ടുകാര്‍പോലും ഈ കെട്ടിടത്തിന് സമീപത്തുകൂടി പോകാന്‍ ഭയപ്പെടുന്നു. ഇളംബ്ലാശ്ശേരി ആദിവാസി കോളനിയില്‍ പട്ടികജാതി വകുപ്പ് പണിത ഒ.പി ക്ലിനിക് കെട്ടിടവും ഉപയോഗശൂന്യമായി. ആദിവാസികളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവിടെ ഒ.പി ക്ലിനിക് തുടങ്ങിയത്. പഞ്ചായത്ത് പണിത സാംസ്കാരിക നിലയമാണ് ക്ലിനിക്കായി മാറിയത്. ഇപ്പോള്‍ ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമാണ് ഈ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.