മൂന്നാർ: പട്ടിണിയുടെ മുന്നിൽ പകച്ചുനിൽക്കാതെ സ്വയംതൊഴിൽ സംരംഭം തുടങ്ങിയ യുവാവിന് അധികൃതരുടെ പിടിവാശിയിൽ കാലിടറുന്നു. പഴയമൂന്നാർ സ്വദേശിയും ബി.സി.എ ബിരുദധാരിയുമായ എ. സുരേഷ് രാജാ (24) എന്ന യുവാവാണ് ചെറുകിട വ്യാപാര സ്ഥാപനം അടച്ചുപൂട്ടി വീട്ടിലിരിക്കുന്നത്.
പഴയമൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മേയിൽ ആരംഭിച്ച ചെറിയ ജ്യൂസ് കടയാണ് ശനിയാഴ്ച വൈകീട്ട് എടുത്തുമാറ്റാൻ അധികൃതർ ഉത്തരവിട്ടത്. അഞ്ചോളം കടകൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സുരേഷിെൻറ കടമാത്രം തിരക്കിവന്ന് അടപ്പിക്കുകയായിരുന്നവെന്ന് പറയുന്നു.
ദരിദ്ര കുടുംബത്തിൽ ജനിച്ച സുരേഷ് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനൊപ്പം പഠിച്ചാണ് ബിരുദം നേടിയത്. സ്വന്തമായി തൊഴിൽ ചെയ്യണമെന്ന് ആഗ്രഹിച്ചാണ് പഴയ മൂന്നാറിലെ റോഡരികിൽ അഴിച്ചുമാറ്റാവുന്ന തരത്തിലൊരു ചെറിയ കട തയാറാക്കിയത്. സ്വന്തമായി രൂപകൽപന ചെയ്ത് തനിയെ പണിതതാണ് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചുള്ള കട. മറ്റ് കടകൾക്ക് മാതൃകയാകുംവിധം മാലിന്യശേഖരണ സംവിധാനത്തോടെയാണ് കട ആരംഭിച്ചത്. സമീപ കച്ചവടക്കാരോട് വൃത്തിയുടെ കാര്യത്തിൽ സുരേഷിെൻറ കട കണ്ടുപഠിക്കാൻ പഞ്ചായത്ത് അധികൃതർ വരെ ഉപദേശിച്ചതാണ്. എന്നാൽ, സബ് കലക്ടറുടെ നിർദേശം മൂലം കടക്കെണിയിൽ ആയിരിക്കുകയാണ് സുരേഷ്.
രാവിലെ വീട്ടിൽനിന്ന് തള്ളിക്കൊണ്ടുവരുന്ന കട രണ്ടുമണിക്കൂർ കൊണ്ടാണ് യോജിപ്പിച്ച് പ്രവർത്തനം തുടങ്ങുന്നത്. വൈകീട്ടും ഇതുപോലെ സമയമെടുത്ത് കടയും സാധനങ്ങളും കടയിലെ മാലിന്യവും ശേഖരിച്ച് വീട്ടിൽ കൊണ്ടുപോകും. കുറഞ്ഞകാലം കൊണ്ട് സുരേഷിെൻറ കടയും അർപ്പണമനോഭാവവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നാലരയടി നീളവും രണ്ടടി വീതിയുമുള്ള അഴിച്ചുമാറ്റാവുന്ന ഈ കട എടുത്തുനീക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കുന്നതും കാത്തിരിക്കുകയാണ് ചെറുപ്പക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.