മുട്ടം: 120 കോടി രൂപ കുടിശ്ശിക ആയതോടെ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നു. ഇതോടെ കുടിവെള്ളം വിതരണം പലയിടത്തും നിലച്ചു. പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ വകയിൽ സംസ്ഥാനത്ത് ഒട്ടാകെ 120 കോടി രൂപയാണ് ജലവകുപ്പ് കരാറുകാർക്ക് നൽകാനുള്ളത്.
പലതവണ ചർച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്നതോടെ കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുകയായിരുന്നു. മെയിന്റനൻസ് കരാറുകാരുടെ ഒന്നരക്കൊല്ലത്തെ കുടിശ്ശിക തീർത്തു നൽകുക, മെയിന്റനൻസ് വർക്കുകളിൽ നടപ്പാക്കിയ ജിയോ ടാഗിങ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുക, പൈപ്പ് ലൈൻ അറ്റകുറ്റപണികളുടെ അടങ്കലുകൾ തദ്ദേശീയ നിരക്കുകളിൽ പരിഷ്കരിക്കുക, ജൽ ജീവൻ മിഷൻ പ്രവൃത്തികളിലെ ഭീമമായ കുടിശ്ശിക തീർത്തു നൽകുക, കരാർ മേഖലയെ കുത്തകകൾക്ക് തീറെഴുതി ചെറുകിട കരാറുകാരെ ഇല്ലാതാക്കാനുള്ള നടപടികൾ മാനേജ്മെന്റ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
തിങ്കളാഴ്ച മുതലാണ് കരാറുകാർ സമരത്തിലേക്ക് കടന്നത്. ഇതോടെ ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിവെള്ള വിതരണം താറുമാറായി. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് പത്തോളം മേഖലകളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. എന്നാൽ, ഇത് നന്നാക്കാൻ കരാറുകാർ തയാറല്ല. കുടിശ്ശിക ലഭിക്കാതെ അറ്റകുറ്റപ്പണികൾ നടത്തില്ല എന്നാണ് അവരുടെ നിലപാട്.
മുട്ടം, അറക്കുളം, കുടയത്തൂർ, ഇടവെട്ടി, വെള്ളിയാമറ്റം, ഉടുമ്പന്നൂർ പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലുമായി നൂറ് കണക്കിന് പൈപ്പ് ലൈനുകളാണ് പൊട്ടി വെള്ളം പാഴാകുന്നത്. ഇത് മൂലം ഉയർന്ന മേഖലകളിലേക്ക് കുടിവെള്ളം ലഭിക്കുന്നില്ല. ചെറു അറ്റകുറ്റപ്പണികൾ നാട്ടുകാരുടെ സഹായത്താൽ പരിഹരിക്കുന്നുണ്ടെങ്കിലും വലിയവ പരിഹരിക്കാൻ സാധ്യമല്ല. വലിയ അറ്റകുറ്റപ്പണികൾ പരിചയസമ്പന്നരായ കരാറുകാരെ ഉപയോഗിച്ച് മാത്രമെ ചെയ്യാൻ സാധിക്കു. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ള ക്ഷാമത്താൽ ബുദ്ധിമുട്ടുന്നത്. എത്രയും വേഗം സമരം ഒത്തുതീർപ്പാക്കി അറ്റകുറ്റപ്പണി നടത്തി കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.