മുട്ടം: മലങ്കര ജലാശയ തീരത്തുകൂടി പാത നിർമിച്ചു. മാത്തപ്പാറ മുതൽ ശങ്കരപ്പള്ളി വരെയാണ് എട്ടു മീറ്ററോളം വീതിയിൽ മൂന്നു കിലോമീറ്ററിൽ വഴി നിർമിച്ചത്. പക്ഷേ, ഇത് പൊതുജനത്തിന് ഉപയോഗിക്കാനുള്ളതല്ല. മുട്ടം-കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാനാണ് പാത തെളിച്ച് എടുത്തത്. പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞാൽ ഉടൻ ഇത് മൂടി വഴി അടക്കും. എം.വി.ഐ.പിയുടെ അധീനതയിലായിരുന്ന ഈ ഭൂമി ഇപ്പോൾ വനം വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതുവഴി പുഴയോര പാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത് ആവശ്യപ്പെട്ട് നിരവധി നിവേദനം നാട്ടുകാരും പഞ്ചായത്തും അധികാരികൾക്ക് നൽകിയിട്ടുണ്ട്. പക്ഷേ, അതൊന്നും ഇതുവരെ പരിഗണിച്ചിട്ടില്ല.
എം.വി.ഐ.പി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നിയോഗിച്ച സെറ്റിൽമെൻറ് ഓഫിസർ മുമ്പാകെയും അപേക്ഷ നൽകിയിരുന്നു. അത് നിരസിച്ച് ഉത്തരവായി. ഇതിനെതിരെ ഇനി ജില്ല കോടതിയിൽ അപ്പീൽ നൽകണം. അതിനുള്ള നടപടികൾ ആരംഭിച്ചതായി മൂന്നാം വാർഡ് മെംബർ അരുൺ ചെറിയാൻ പൂച്ചക്കുഴി പറഞ്ഞു. മലങ്കര ഡാമിന്റെ ഭംഗിയും ജലാശയത്തിന്റെ മനോഹാരിതയും മനം കുളിർപ്പിക്കുന്നതാണ്. എന്നാൽ, അതിന് വേണ്ട പരിശ്രമം സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മാത്തപ്പറ വഴി ശങ്കരപ്പള്ളിക്ക് പുഴയോര ബൈപാസ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വനം വകുപ്പ് അതിന് അനുമതി നൽകുമോ എന്ന സംശയം നാട്ടുകാർക്കുണ്ട്. എന്നാൽ, വാഹനങ്ങൾക്ക് പ്രവേശനം നൽകാതെ ഇടവെട്ടി മോഡലിൽ നടപ്പാതയെങ്കിലും യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജലാശയതീരത്ത് ഇരിപ്പിടങ്ങൾ കൂടി സ്ഥാപിച്ചാൽ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.