മുട്ടം: കുടിശ്ശിക കുമിഞ്ഞ് കൂടിയതോടെ ത്രിതല പഞ്ചായത്തുകളുടെ ജോലികൾ ഏറ്റെടുക്കാൻ കരാറുകാരെ കിട്ടാനില്ല. ഓരോ പഞ്ചായത്തിലും 10 ലധികം പ്രവൃത്തികളാണ് ടെണ്ടർ എടുക്കാതെ കിടക്കുന്നത്. ഇതിലധികവും ഗ്രാമീണ റോഡുകളുടെ ടാറിങാണ്.
കോൺക്രീറ്റ് കെട്ടിട നിർമാണങ്ങളുടെ കാര്യവും വിഭിന്നമല്ല. പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞാലും തുക സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് കരാറുകാർ തിരിഞ്ഞു നോക്കാത്തതിന് കാരണം. കരാറുകാർ എടുക്കുന്ന സാമഗ്രികൾക്ക് പണംകിട്ടാൻ വൈകുമെന്നതിനാൽ അധിക ബില്ലാണ് ഏജൻസികളും ഉടമകളും ഈടാക്കുന്നതെന്ന് കരാറുകാർ പറയുന്നു.
മെറ്റൽ, പാറപ്പൊടി, സിമന്റ് തുടങ്ങിയവക്കും കരാറുകാർ അധിക വില നൽകണം. പലയിടത്തും കരാറുകാർക്ക് സാധനങ്ങൾ കടമായി കൊടുക്കുന്നുമില്ല. സാധന സാമഗ്രികൾ കടമായി ലഭിക്കാത്തതിനാൽ ബാങ്കുകളിൽ നിന്നും ഒ.ഡി എടുത്താണ് മിക്കവരും കരാർ ഏറ്റെടുക്കുന്നത്. ഒ.ഡി വായ്പക്ക് 6 മുതൽ 12 ശതമാനം വരെ പലിശ വരും.
മുൻ കാലങ്ങളെ അപേക്ഷിച്ച് ചെറിയ ലാഭം മാത്രമാണ് പണി പൂർത്തീകരിച്ച് കഴിയുമ്പോൾ ലഭിക്കുന്നതെന്ന് കരാറുകാർ പറയുന്നു. സാമഗ്രികളുടെ വില വർധന ലാഭം കുറയാൻ പ്രധാന കാരണമാണ്.
സർക്കാരിൽ നിന്നും പണം ലഭിക്കാൻ കാലതാമസം വരുന്നതോടെ ബാങ്ക് പലിശ അധികരിക്കും. ഇതെല്ലാം മൂലം ഭൂരിപക്ഷം കരാറുകാരും ത്രിതല പഞ്ചായത്തുകളുടെ ജോലി എടുക്കാത്ത അവസ്ഥയാണ് നിലവിൽ.
മുൻ കാലങ്ങളിൽ കരാറുകാർ ജനപ്രതിനിധികൾക്ക് പിന്നാലെ നടക്കുന്ന സ്ഥിതിയായിരുന്നു. എന്നാലിപ്പോൾ കരാറുകാരുടെ പിറകെ ജനപ്രതിനിധികൾ ഓടുകയാണ്. ജനപ്രതിനിധികളുടെ സമ്മർദത്തിന് വഴങ്ങി കരാർ എടുത്താലും അതു കഴിഞ്ഞാൽ ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കില്ലെന്ന് കരാറുകാർ പറയുന്നു. പിന്നീട് ഉള്ള ദുരിതം മുഴുവൻ കരാറുകാർ അനുഭവിക്കണം.
ഇതിനിടെ നാട്ടുകാരുടെയും പിരിവുകാരുടെയും സമ്മർദ്ദം, ട്രഷറി നിയന്ത്രണം ഉൾപ്പടെ എല്ലാം കരാറുകാർ അനുഭവിക്കണം. അതിനാൽ തന്നെ ഭൂരിപക്ഷം കരാറുകാരും ത്രിതല പഞ്ചായത്ത് പണികൾ പൂർണമായും ഉപേക്ഷിച്ച സ്ഥിതിയാണ്. മാർച്ച് മാസത്തിന് മുമ്പ് ജോലികൾ പൂർത്തിയാക്കി ബിൽ മാറിയില്ലെങ്കിൽ പണികൾ മുടങ്ങും. ഇത് അടുത്ത വർഷം സ്പിൽ ഓവറാക്കേണ്ടിവരും. ഇതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.