മുട്ടം: മുട്ടത്തുനിന്ന് ആരംഭിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതികൾ സംബന്ധിച്ച് ഏകദേശ ധാരണയായി. മുട്ടം, കരിങ്കുന്നം, കുടയത്തൂർ പദ്ധതികളുടെ പൈപ്പ് ലൈനുകൾ കടന്നുപോകുന്ന വഴികൾ സംബന്ധിച്ചാണ് ധാരണയായത്. പൊതുജനത്തിന് അധികം ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
മൂന്ന് പദ്ധതികൾക്കും ആവശ്യമായ പൈപ്പ് ലൈനുകൾ മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്ന് മലങ്കര ടൂറിസം പാർക്ക് വഴിയാണ് കടന്നുപോകുന്നത്. അതുവഴി പെരുമറ്റത്തെത്തുന്ന വെള്ളം അവിടെ ശുചീകരിക്കും.
ജലം ശുചീകരിച്ച ശേഷം അതേ വഴിയിലൂടെ തന്നെ തിരിച്ചുവന്ന് മാത്തപ്പാറ അമ്പാട്ട് കോളനി വഴി വന്ന് നിർദിഷ്ട വനഭൂമിയിലൂടെ കടന്ന് വില്ലേജ് ഓഫിസിന് സമീപത്ത് എത്തും. അവിടെ നിന്നും സംസ്ഥാനപാത മുറിച്ച് കാക്കൊമ്പിൽ നിർമിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കും. ഈ ടാങ്കിൽനിന്ന് മുട്ടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കരിങ്കുന്നം പഞ്ചായത്തിലേക്കും കുടിവെള്ളം എത്തും. കൂടാതെ പെരുമറ്റത്തുനിന്ന് ഒരു പൈപ്പ് ലൈൻ മ്രാല വഴി കരിങ്കുന്നം പഞ്ചായത്തിലെ പൊന്നംതാനത്തേക്കും കുടിവെള്ളം എത്തിക്കും.
മുട്ടം ടൗണിലൂടെ കടന്നുപോകുന്ന നിലവിലെ മുട്ടത്തിന്റെ പൈപ്പ് ലൈൻ വഴി കൊല്ലംകുന്ന് മലയിലേക്ക് കുടിവെള്ളം എത്തും. ഇതിൽ കാലപ്പഴക്കം ചെന്നത് മാത്രം മാറ്റി സ്ഥാപിക്കും. വില്ലേജ് ഓഫിസിന്റെ സമീപത്ത് എത്തുന്ന പൈപ്പ് ലൈനിൽ നിന്നുമാണ് കുടയത്തൂരിലേക്കും വെള്ളം കൊണ്ടുപോകുന്നത്. ഇത് കുടയത്തൂർ പഞ്ചായത്തിനെ ജലസമൃദ്ധമാക്കും.
മുട്ടം, കരിങ്കുന്നം, കുടയത്തൂർ പദ്ധതികളുടെ പൈപ്പ് ലൈൻ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന വഴികൾ അളന്നുതിരിച്ച് രൂപരേഖ തയാറാക്കി കഴിഞ്ഞു. മലങ്കര ടൂറിസം പ്രദേശം, എം.വി.ഐ.പിയുടെ കൈവശത്തിലുള്ള നിർദിഷ്ട വനഭൂമി പഞ്ചായത്ത് വഴി എന്നിവിടങ്ങളിലൂടെ ഒക്കെയാണ് പൈപ്പ് കടന്നുപോകുന്നത്. ഇവിടങ്ങളിൽനിന്നെല്ലാം അനുമതി ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ജല വകുപ്പ്. ഒരു മീറ്റർ വ്യാസം വരുന്ന മീനച്ചിൽ കുടിവെള്ള പദ്ധതി കടന്നുപോകേണ്ട പ്രദേശം സംബന്ധിച്ച് ധാരണ ആയെങ്കിലും അന്തിമമായിട്ടില്ല.
മലങ്കര ടൂറിസം പ്രദേശത്ത് നിർമിക്കുന്ന ഫ്ലോട്ടിങ് പമ്പിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കര ടൂറിസം പ്രദേശം വഴി കടത്തി മുട്ടം ടൗൺ വഴികൊണ്ടു പോകാനാണ് ആലോചന. എന്നാൽ, ഒരു മീറ്റർ വ്യാസം വരുന്ന ഭീമൻ പൈപ്പ് ടൗൺ വഴി കൊണ്ടുപോകുന്നതിനെതിരെ നാട്ടുകാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാരി വ്യാവസായ ഏകോപന സമിതിയും മുട്ടം ടൗൺ വഴി കൊണ്ടുപോകുന്നത് തടയുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, മുട്ടം ടൗണിലൂടെ അല്ലാതെ പൈപ്പ് ലൈൻ കൊണ്ടുപോകാൻ കഴിയുന്ന ബദൽ മാർഗം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
നിർദിഷ്ട ബൈപാസും തോട്ടു പുറംപോക്കും നാട്ടുകാർ നിർദേശിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ രണ്ടും നടപ്പാക്കാൻ കാലതാമസം വേണ്ടിവരും. 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന 1246 കോടിയുടെ പദ്ധതി അധികകാലം തടഞ്ഞിടാനാവില്ല എന്നും ഉറപ്പാണ്. സമയവായ ചർച്ചകൾ നടത്തി മാത്രമേ മീനച്ചിൽ പദ്ധതി സംബന്ധിച്ച അന്തിമ രൂപരേഖ ആവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.