മുട്ടം: സർക്കാറിന്റെ സാമ്പത്തിക ഞെരുക്കവും അധികാരികളുടെ കെടുകാര്യസ്ഥതയും കാരണം പാതിവഴിയിൽ നിലച്ച് കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ. നേരിയ മുതൽ മുടക്ക് കൂടി നടത്തിയാൽ ലക്ഷങ്ങൾ മാസവരുമാനം ലഭിക്കാൻ സാധ്യതയുള്ള അനവധി പദ്ധതികളാണ് തൊടുപുഴയുടെ കവാടമായ മുട്ടം പ്രദേശത്ത് മുടങ്ങിക്കിടക്കുന്നത്. മൂന്ന്കോടി മുതൽമുടക്കി നിർമിച്ച മലങ്കര ടൂറിസം മേഖലയിലെ എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ഇതിൽ പ്രവർത്തനക്ഷമായുള്ളത് ശൗചാലയം മാത്രം. മുട്ടം - കരിങ്കുന്നം - കുടയത്തൂർ സമ്പൂർണ കുടിവെള്ള പദ്ധതി, മീനച്ചിൽ സമ്പൂർണ കുടിവെള്ള പദ്ധതി, ജില്ല ക്രൈം ബ്രാഞ്ച് കെട്ടിടം, മുട്ടം പോളിടെക്നിക് കോമ്പൗണ്ടിൽ വർഷങ്ങൾക്ക് മുമ്പേ നിർമിച്ച വനിത ഹോസ്റ്റൽ കെട്ടിടം, വ്യവസായ കേന്ദ്രത്തിന് സമീപത്തെ ജില്ല നിർമിതികേന്ദ്രം, മുട്ടം ടാക്സി സ്റ്റാന്റിലെ മത്സ്യ വിപണന കേന്ദ്രം, പഞ്ചായത്ത് കോമ്പൗണ്ടിലെ കാർഷികവിപണന കേന്ദ്രം ഇവയെല്ലാം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നാണ് അധികൃതർ പറയുന്നത്. എന്ന് പൂർത്തിയാകുമെന്ന് മാത്രം ആർക്കും ഒരു പിടിയുമില്ല.
ഫണ്ട് ലഭിക്കാത്തതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കെട്ടിടത്തിന്റെ നിർമാണവും നിലച്ചു. കേരള പൊലീസ് ഹൗസിങ്ങ് കോ-ഓപറേറ്റീവ് സൊസൈറ്റി നിർമാണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മന്ദിരത്തിന് 60 ലക്ഷത്തോളം രൂപയാണ് കരാർ കുടിശ്ശിക. രണ്ട് ഘട്ടമായി നിർമാണം നടത്താൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ആദ്യ ഘട്ടത്തിനായി അനുവദിച്ചത് 1.73 കോടി രൂപയാണ്.
ഇതിൽ കരാറുകാരന് ലഭ്യമായത് 40 ലക്ഷത്തോളം രൂപ മാത്രം. ഒരു കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ നടത്തിക്കഴിഞ്ഞിരിക്കേയാണിത്. 2023 മാർച്ചിൽ കുടിശ്ശിക തുക നൽകുമെന്ന ഉറപ്പും പാലിക്കാതെ വന്നതോടെയാണ് നിർമാണം നിർത്തിയത്. മുട്ടത്തേത് ഉൾപ്പെടെ മറ്റു ജില്ലകളിലെയും നിർമാണ പ്രവൃത്തികളുടെ തുക കരാറുകാരന് ലഭിക്കാനുണ്ട്. ആ പദ്ധതികളും നിർത്തിയിരിക്കുകയാണ്. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിച്ച് ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാണം തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാനായില്ല.
മുട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപമാണ് കെട്ടിടം നിർമിക്കുന്നത്. എം.വി.ഐ.പിയുടെ അധീനതയിലുണ്ടായിരുന്ന ഒരേക്കർ സ്ഥലമാണ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ജില്ല ഓഫിസിന് വേണ്ടി ഏറ്റെടുത്തത്. നിലവിൽ തൊടുപുഴയിലെ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഇടുക്കി ജില്ലക്ക് മാത്രമായി 2018 നവംബറിൽ പൊലീസ് മേധാവിയെ നിയമിച്ചതോടെ രണ്ട് ഡി.വൈ.എസ്.പി, മൂന്ന്സർക്കിൾ ഇൻസ്പെക്ടർ അടക്കം 55 ഉദ്യോഗസ്ഥരുണ്ട്. നിലവിലെ കെട്ടിടത്തിൽ തിങ്ങി നിറഞ്ഞാണ് ഇവർ ജോലി ചെയ്യുന്നത്. സർക്കാറിന് വാടക നഷ്ടം വേറെ.
82 ലക്ഷത്തിലധികം രൂപ മുതൽ മുടക്കി നിർമിച്ച വനിത ഹോസ്റ്റൽ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും തുറന്ന് നൽകാൻ സാധിച്ചിട്ടില്ല. ഈ നിർമിതി അടഞ്ഞുകിടക്കാൻ കാരണക്കാർ ആരായാലും അതിന്റെ മേൽനോട്ടക്കാർക്ക് ഒരു രൂപ പോലും ശമ്പളത്തിൽ കുറയുന്നില്ല. വർഷങ്ങളോളം അടഞ്ഞുകിടന്നാലും നിർമിച്ച കരാറുകാരനെതിരെയോ ഉത്തരവാദിക്ക് എതിരെയോ നടപടിയും ഇല്ല.
പി.ടി തോമസ് എം.പി ആയിരുന്ന കാലഘട്ടത്തിലാണ് കേന്ദ്ര സർക്കാറിന്റെ എം.എച്ച്.അർ.ഡി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ പോളിടെക്നിക് ലേഡീസ് ഹോസ്റ്റൽ നിർമാണത്തിനായി അനുവദിപ്പിച്ചത്.
35 വിദ്യാർഥിനികൾക്ക് താമസിക്കാൻ ഉതകും വിധം നിർമിച്ച ഹോസ്റ്റലിനായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ തടി ഉപകരണങ്ങളും ഉള്ളിൽ കിടന്ന് നശിക്കുകയാണ്. വിദ്യാർഥികളിൽ അധികവും സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ഹോസ്റ്റലുകൾ ഈടാക്കുന്നത് അമിത തുകയാണ്. സർക്കാർ തലത്തിൽ കൂടുതൽ ഹോസ്റ്റലുകൾ വരികയാണെങ്കിൽ സ്വകാര്യ വ്യക്തികളുടെ ചൂഷണം ഒഴിവാകും. കുറഞ്ഞ നിരക്കിൽ വിദ്യാർഥികൾക്ക് താമസിക്കാനുമാകും. ഏതാനും കടമ്പ കൂടി കടന്നാൽ ഹോസ്റ്റൽ തുറക്കാൻ കഴിയുമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
15 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിച്ച കാർഷിക വിപണന കേന്ദ്രം കർഷകർക്ക് ഗുണം കിട്ടാതെ നശിക്കുകയാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2014ൽ ഹിൽ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫണ്ട്(ഹാഡ) ഉപയോഗിച്ച് നിർമിച്ചതാണ് കേന്ദ്രം. നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും കെട്ടിടം പൂർണമായും തുറന്നുനൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല.
കെട്ടിടത്തിൽ കാർഷികവിപണന കേന്ദ്രം പ്രവർത്തിപ്പിക്കാനായാൽ ഇത് അനവധി കർഷകർക്ക് ഗുണം ചെയ്യും. കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് സമിതിയാണ് ഈ കെട്ടിടം നിർമിച്ചത്. കാർഷികവിപണന കേന്ദ്രത്തിലെ ഒരു മുറി മാത്രമാണ് വാടകക്ക് നൽകാനായിട്ടുള്ളൂ. ആ മുറി പ്രവർത്തിക്കുന്നതാകട്ടെ ആഴ്ചയിൽ ഒരിക്കൽ മാത്രം. മറ്റൊരു മുറിയിൽ മാലിന്യം സൂക്ഷിച്ചിരിക്കുകയാണ്.
മലങ്കര ടൂറിസം പദ്ധതി പ്രദേശത്ത് മൂന്ന് കോടിയോളം രൂപ മുതൽ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകാൻ കഴിയാത്തത് അഴിമതിയുടെ ഫലം. കെട്ടിട നിർമാണത്തിലടക്കം വലിയ അഴിമതി നടന്നിട്ടുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രദേശവാസിയായ ബേബി വണ്ടനാനി നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് കണ്ടെത്തൽ. തുടർ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല. വർഷങ്ങളോളം അടഞ്ഞുകിടക്കുക വഴി സർക്കാറിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്.
രണ്ടുവർഷം മുമ്പ് ഒമ്പത് ലക്ഷം രൂപ മുതൽ മുടക്കി നിർമിച്ച മത്സ്യ വിപണന കേന്ദ്രം ഇനിയും തുറന്ന് നൽകാനായിട്ടില്ല. മുട്ടം ടാക്സി സ്റ്റാന്റിലാണ് കെട്ടിടം നിർമിച്ചിട്ടിരിക്കുന്നത്. രണ്ട് ഷട്ടറുകളിലായി മൂന്ന് പേർക്ക് കച്ചവടം ചെയ്യാൻ പാകത്തിനാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. വൈദ്യുതി കണക്ഷൻ സ്ഥാപിക്കാത്തതിനാലാണ് കെട്ടിടം തുറന്ന് നൽകാത്തത് എന്ന് പറയുന്നു. വർഷങ്ങളായി വഴിയോരത്ത് കച്ചവടം നടത്തി വരുന്നവരെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കെട്ടിടം പൂർണസജ്ജമാകാത്തതിനാൽ കെട്ടിടം അനാഥമായും വഴിയോരക്കാർ വഴിവക്കിലും കച്ചവടം നടത്തി വരികയാണ്. കെട്ടിടം പൂർണസജ്ജമാക്കി വിപണന കേന്ദ്രം തുറന്ന് നൽകിയാൽ പഞ്ചായത്തിന് വരുമാനവും വഴിയോര കച്ചവടക്കാർക്ക് സഹായവുമാകും.
100 കോടി രൂപ മുതൽ മുടക്കി മുട്ടം -കുടയത്തൂർ -കരിങ്കുന്നം പഞ്ചായത്തുകളെ ജലസമൃദ്ധമാക്കുമെന്ന് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി തുടക്കത്തിലേ മുടങ്ങി.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന 12436 കോടി രൂപയുടെ പദ്ധതിയും മുടങ്ങിക്കിടക്കുകയാണ്. സർക്കാർ ഫണ്ട് നൽകാത്തതിനാലാണ് കരാറുകാർ നിർമാണം നിർത്തിയത്. പൈപ്പ് സ്ഥാപിച്ച റോഡ് ടാർ പൊലും ചെയ്യാതെയാണ് കരാറുകാർ മടങ്ങിയത്. ഇറക്കിയ പൈപ്പുകളും അപകടകരമാം വിധം റോഡ് വക്കിൽ കിടക്കുന്നു. മലങ്കരയിൽ നിർമിക്കുന്ന കുടിവെള്ള ശുചീകരണ പ്ലാന്റിന്റെ നിർമാണവും മന്ദഗതിയിലാണ്. ഇതിന്റെ കരാറുകാരനും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.