മുട്ടം: മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം വീടുകളിൽ കുടിവെള്ളം എത്തുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. മൂന്ന് പഞ്ചായത്തുകളിലേക്കും വെള്ളം വിതരണം ചെയ്യുന്ന സംസ്കരണ ശാലയുടെ നിർമാണമാണ് പെരുമറ്റത്ത് പുരോഗമിക്കുന്നത്.
എം.വി.ഐ.പിയിൽനിന്നു ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റിലാണ് സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം സംസ്കരിക്കാൻ കഴിയുന്ന ഇത് നിർമിക്കാൻ ചെലവാകുന്നത് 11.35 കോടി രൂപയാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
നിലവിലെ പ്ലാന്റുകളിൽനിന്നു വ്യത്യസ്ഥമായി റാപ്പിഡ് സാൻഡ് ഫിൽറ്ററിങ് രീതിയിലാണ് ജലം ശുദ്ധീകരിക്കുന്നത്. തട്ടുകളായി മിറ്റൽ, മിക്സചർ മിറ്റൽ, മണൽ, എന്നിവയിലൂടെ അരിച്ചിറക്കുന്ന ജലത്തിലേക്ക് ക്ലോറിൻ ശക്തമായി കടത്തിവിട്ടാണ് ജലം ശുദ്ധീകരിക്കുന്നത്. ഈ രീതി വെള്ളം കൂടുതൽ ശുദ്ധീകരിക്കും.
മൂലമറ്റം നിലയത്തിൽനിന്നു വൈദ്യുതി ഉൽപാദന ശേഷം മലങ്കര ജലാശയത്തിലേക്ക് പുറംതള്ളുന്ന ജലമാണ് ട്രീറ്റ്മെമെന്റ് പ്ലാന്റിലേക്ക് എടുക്കുക. ഇത് സംസ്കരിച്ച് കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും. വർഷം മുഴുവൻ മലങ്കര ജലാശയം ജലസമൃദ്ധമായതിനാൽ ജലലഭ്യത പ്രതിസന്ധി സൃഷ്ടിക്കില്ല. ഡിസംബറോടെ നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, എം.വി.ഐ.പി സ്ഥലത്ത് നിന്ന മരം മുറിച്ചുവിൽക്കാൻ കാലതാമസം നേരിട്ടതോടെ പദ്ധതി വൈകി. 100 കോടിയോളം രൂപയാണ് മുട്ടം-കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതിക്ക് വേണ്ടിവരുന്നത്. നബാർഡിന്റെയും ജൽ ജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാതാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരു വിഭാഗങ്ങളിൽനിന്നും അനുവദിച്ചിട്ടുണ്ട്. എന്നാൽ, 100 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കുതിരശക്തി കൂടിയ മോട്ടോറുകൾ സ്ഥാപിക്കും. ഇവിടെനിന്നു പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുചീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യും. ശുചീകരണ ശേഷം ഇവിടെനിന്നു കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾപ്പെടെയുള്ള ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതുതായി നിർമിക്കും. മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതിയാണെങ്കിൽകൂടി ഒരു കണക്ഷൻ കുടയത്തൂരിലേക്കും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.