മുട്ടം: സാമ്പത്തിക വർഷം അവസാനിക്കാൻ 29 ദിവസം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ച് ആലക്കോട് ഗ്രാമപഞ്ചായത്ത്. 50.74 ശതമാനം തുകയും വിനിയോഗിച്ച് ജില്ലയിൽ 52 പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 156ാം സ്ഥാനത്തും എത്തി നിൽക്കുകയാണ്.
സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്താണ്. 62.98 ശതമാനമാണ് ഇവർ ചെലവഴിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു വരെയുള്ള കണക്കാണിത്. വരുംമണിക്കൂറുകളിൽ ഇത് മാറിമറിയും. റോഡ് ഫണ്ട് ഒഴിവാക്കിയുള്ള കണക്കാണിത്. സാമ്പത്തികവർഷം അവസാനിക്കാൻ 29 ദിവസം മാത്രം ബാക്കിനിൽക്കെ ഫണ്ട് പരമാവധി വിനിയോഗിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ജില്ലയിയിലെ തദ്ദേശ സ്ഥാപനങ്ങൾ ശനിയാഴ്ച വരെ 33.68 ശതമാനം ഫണ്ടാണ് ചെലവഴിച്ചത്.
ജില്ലയിൽ ഏറ്റവും പിന്നിൽ വട്ടവട ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് വട്ടവടക്ക് പിന്നിൽ ഷോളയാർ ഗ്രാമപഞ്ചായത്ത് മാത്രമാണുള്ളത്. ഷോളയാർ പഞ്ചായത്ത് 18.08 ശതമാനം ഫണ്ട് മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഒന്നാമത് ഇളംദേശം ബ്ലോക്ക് പഞ്ചായത്താണ്. 46 ശതമാനം ഫണ്ട് ചെലഴിച്ചു. ഏറ്റവും പിന്നിലുള്ള ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 22.2 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. തൊടുപുഴ മുനിസിപ്പാലിറ്റി 27.50, കട്ടപ്പന 27.87 ശതമാനവും വിനിയോഗിച്ചു. ജില്ല പഞ്ചായയത്ത് ഇതുവരെ 34.68 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിൽ 52.11 ശതമാനം ചെലവഴിച്ച മലപ്പുറമാണ് ഒന്നാമത്. ഇടുക്കി 12ാമതുമാണ്. 14 ജില്ല പഞ്ചായത്തുകളും കൂടി 41.13 ശതമാനം ഫണ്ട് മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. 905.95 ബജറ്റ് തുകയിൽ 372.64 കോടി രൂപ മാത്രമേ ചെലവഴിക്കാൻ സാധിച്ചിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.