മുട്ടം: എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കോളജിന് അകത്തു തുടങ്ങിയ മർദനം പൊതുനിരത്തിലും തുടർന്ന് വിദ്യാർഥികളുടെ ഹോസ്റ്റലിൽ കയറിയും തുടർന്നു. ആർട്സ് ഫെസ്റ്റിലെ തർക്കമാണ് മർദത്തിന് കാരണമെന്ന് പറയുന്നു. കോളജിൽ നടന്ന ആർട്സ് ഫെസ്റ്റിൽ ഒരു പോയന്റ് വ്യത്യാസത്തിലാണ് മൂന്നാം വർഷ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥികളെ പരാജയപ്പെടുത്തിയത്.
വഞ്ചിപ്പാട്ട് മത്സരത്തിലെ വിധി നിർണയത്തിനെതിരെ ഒന്നാം വർഷ വിദ്യാർഥികൾ അപ്പീൽ നൽകിയിരുന്നു. ഇത് നേരിയ തർക്കത്തിന് കാരണമായി. തുടർന്ന് ഫെസ്റ്റ് കഴിഞ്ഞതോടെ മൂന്നാം വർഷ വിദ്യാർഥികളും രണ്ടാം വർഷ വിദ്യാർഥികളും ചേർന്ന് ഒന്നാം വർഷ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. കോളജിന് പുറത്തും പി.ടി.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഹോസ്റ്റലിൽ കയറിയും മർദിച്ചതായി വിദ്യാർഥികൾ പറഞ്ഞു. മുട്ടം സ്റ്റേഷനിൽനിന്ന് പൊലീസ് എത്തിയാണ് ആക്രമണം നിയന്ത്രിച്ചത്. പരാതി നൽകുമെന്ന് മർദനമേറ്റ വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, പി.ടി.എ നടത്തുന്ന ഹോസ്റ്റലിൽ കയറി മർദനം നടന്നിട്ടും കോളജ് അധികൃതർ പൊലീസിൽ പരാതി നൽകുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.