മുട്ടം: പഞ്ചായത്തിലെ കാക്കൊമ്പ് അംഗൻവാടിയിലെത്തുന്ന കുരുന്നുകൾ ആദ്യം പഠിക്കുന്ന പാഠം ജലം അമൂല്യമാണെന്നായിരിക്കും. കാരണം, അവർ കാണുന്ന ചുവരുകളിലെല്ലാം കുടിവെള്ളത്തിന്റെ മഹത്ത്വം വിവരിക്കുന്ന ചിത്രങ്ങളാണ്. ചിത്രശലഭങ്ങളും പക്ഷികളും പറവകളും പാറിപ്പറന്ന് നടക്കുന്നു, മീനുകളും താറാവുകളും നീന്തിത്തുടിച്ചു നടക്കുന്നു, മൈലും കുയിലും മരച്ചില്ലകളിൽ ആടി ഉല്ലസിക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിനിന്നുപോകുന്ന തരത്തിലാണ് വര. അംഗൻവാടിയിൽ മാത്രമല്ല പഞ്ചായത്ത് പരിധിയിലെ പൊതുമതിലുകളിലെയും കാഴ്ചകകൾ ഇതുതന്നെയാണ്.
പഞ്ചായത്തിൽ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്രചാരണാർഥമാണ് അംഗൻവാടി, പഞ്ചായത്ത് വെയിറ്റിങ് ഷെഡ്, പഞ്ചായത്ത് മതിലുകൾ എന്നിവിടങ്ങളിൽ ചിത്രങ്ങൾ വരച്ചും ചായം പൂശിയും മനോഹരമാക്കിയത്. ചിത്രരചനക്ക് പുറമെ ജലലഭ്യതയെക്കുറിച്ചും ജലം പാഴാക്കാതിരിക്കാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കാനും ഉതകുന്ന വാചകങ്ങളും എഴുതിച്ചേർത്തിട്ടുണ്ട്.
ജലസ്രോതസ്സുകൾ മലിനമാക്കരുത്, ജലം അമൂല്യമാണ്, ജലം ജീവനാണ്-സംരക്ഷിക്കുക, ജലം പാഴാക്കരുത്, ജലസ്രോതസ്സുകൾ സംരക്ഷിക്കുക, തുടങ്ങിയ നിർദേശങ്ങളാണ് മതിലുകളിൽ എഴുതിച്ചേർത്തിട്ടുള്ളത്.സമ്പൂർണ കുടിവെള്ള പദ്ധതി പൂർത്തിയാകും മുമ്പുതന്നെ പൂർണമായ അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മതിലെഴുത്തിന് പുറമെ സദാ സന്ദേശങ്ങളും വിഡിയോകളും എഴുതി എൽ.ഇ.ഡി സ്ക്രീനും പൊതുനിരത്തുകളിൽ സൂചന ഹോർഡിങ്ങുകളും സ്ഥാപിക്കും. സമ്പൂർണ കുടിവെള്ള പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2024 കഴിയുമ്പോൾ എല്ലാവരിലും അവബോധം സൃഷ്ടിച്ച് കുടിവെള്ളത്തിന്റെ അമിത ഉപയോഗവും ദുരുപയോഗവും ഇല്ലാതാക്കാനാകുമെന്നാണ് നടത്തിപ്പ് ഏജൻസിയുടെ പ്രതീക്ഷ.
14,000ത്തോളം ജനങ്ങൾ അധിവസിക്കുന്ന മുട്ടം പഞ്ചായത്തിൽ അതിനുതകുന്ന കുടിവെള്ള പദ്ധതി നിലവിലില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് 8000 ജനങ്ങൾക്ക് 35 ലിറ്റർ കുടിവെള്ളം ലഭ്യമാക്കാൻ സ്ഥാപിച്ച പദ്ധതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.