മുട്ടം: മലങ്കര റബർ പ്രൊഡ്യുസിങ് എസ്റ്റേറ്റ് കമ്പനി തോട്ട ഭൂമി മുറിച്ചുവിറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുട്ടം സ്വദേശി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒ മുട്ടം വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആലക്കോട്, മുട്ടം, കരിങ്കുന്നം, കാരിക്കോട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മലങ്കര എസ്റ്റേറ്റ് കമ്പനിക്ക് 674 ഹെക്ടർ പട്ടയ ഭൂമിയും 9.337 ഹെക്ടർ പാട്ട ഭൂമിയുമാണ് ഉള്ളത്. ഇതിൽ ആറ് ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മുറിച്ചുവിറ്റു എന്നതാണ് പരാതി. 50 ഓളം പേർക്കായിട്ടാണ് ഭൂമി വിറ്റത്. ഇതിൽ അധികവും വാങ്ങിയത് കരിങ്കുന്നം, തൊടുപുഴ, വെള്ളിയാമറ്റം, മണക്കാട്, കടനാട്, മൂലമറ്റം, ആലക്കോട്, കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.
തോട്ട ഭൂമി തരം മാറ്റാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് ചില കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭൂമി മുറിച്ചുവിൽക്കുന്നത്. ശേഷം ഇവ തരം മാറ്റി ബഹുനില കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.
തോട്ട ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ മുട്ടം പഞ്ചായത്ത് അനുമതി നൽകുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. ഇവയിൽ വ്യവസായങ്ങളും വ്യാപാരങ്ങളും നടന്നു വരുന്നു. തോട്ട ഭൂമി എന്ന് കരം ഒടുക്ക് രസീതിൽ രേഖപ്പെടുത്തിയിട്ടും പെർമിറ്റും ലൈസൻസും നൽകി വന്നിരുന്നു. എന്നാൽ ഇക്കാര്യം വാർത്തകൾ ആയതോടെ പഞ്ചായത്ത് അനുമതി നിരസിച്ചു. ഇതിനെതിരെ സ്വകാര്യ വ്യക്തികൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
നാല് വില്ലേജുകളിലായിട്ടാണ് മലങ്കര എസ്റ്റേറ്റിന് ഭൂമി ഉള്ളതെങ്കിലും മുട്ടം വില്ലേജ് പരിധിയിലെ ഭൂമി മാത്രമാണ് മുറിച്ചുവിറ്റത്. മുട്ടം വില്ലേജ് പരിധിയിൽ 247.8557 ഹെക്ടർ ഭൂമിയാണ് ഉള്ളത്.കാരിക്കോട് വില്ലേജിൽ 210.3600 ഹെക്ടറും കരിങ്കുന്നം വില്ലേജിൽ 53.78.04 ഹെക്ടറും ആലക്കോട് 161.92.40 ഹെക്ടർ ഭൂമിയുമാണ് ഉള്ളത്.
സംസ്ഥാന പാതയുടെ സമീപത്ത് ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് മലങ്കരക്ക് ഉള്ളത്. ഇത് മുറിച്ചുവിറ്റ് കോടികളാണ് കമ്പനി സമ്പാദിക്കുന്നത്. തോട്ടം ഭൂമി വിൽപനക്ക് അനുമതി ലഭിച്ചാൽ പോലും തരം മാറ്റാൻ നിയമപ്രകാരം കഴിയില്ല. വാങ്ങുന്ന എസ്റ്റേറ്റ് ഭൂമിയിൽ ഏത് തരം കൃഷിയാണോ അത് തുടരണമെന്നാണ് നിയമം. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് ബഹുനില മന്ദിരങ്ങൾ ഉൾപ്പടെ നിർമിക്കുന്നത്.
ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് തോട്ടഭൂമി മുറിച്ച് തരം മാറ്റിയാൽ മിച്ചഭൂമി കേസിൽ പ്രതിയാകുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പാവപ്പെട്ടവർക്ക് ഭൂമി നൽകാൻ 1970 ൽ അച്യുതമേനോൻ സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്തയിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ല. മുറിച്ചുകൊടുക്കുമ്പോ തോട്ടമായി നിലനിർത്തണമെന്നാണ് വ്യവസ്ഥ. തോട്ടംഭൂമി മുറി കൊടുത്ത് തരംമാറ്റിയാൽ കിട്ടിയവരുടെ അക്കൗണ്ടിലായിരിക്കില്ല അത് വരവ് വെക്കുക. കൊടുത്തവരുടെ അക്കൗണ്ടിൽ തന്നെയായിരിക്കും.
അപ്പോൾ 15 ഏക്കറിലധികം കൈവശമുള്ളയാൾ തോട്ടം മുറിച്ച് തരംമാറ്റിയാൽ തരംമാറ്റിയ ഭൂമി മിച്ചഭൂമിയായി മാറുകയും കേസിൽ പ്രതിയാവുകയും ചെയ്യും. താലൂക്ക് ലാൻഡ് ബോർഡിന് അയാൾക്കെതിരെ നടപടി എടുക്കാമെന്നും ഭൂപരിഷ്കരണ നിയമത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.