മുട്ടം: മുട്ടത്തുനിന്ന് ആരംഭിക്കുന്ന മുട്ടം - മീനച്ചിൽ, മുട്ടം - കുടയത്തൂർ - കരിങ്കുന്നം കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ വൈകും. എം.വി.ഐ.പി, വനംവകുപ്പ് എന്നിവരുടെ അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. മുട്ടം-കരിങ്കുന്നം-കുടയത്തൂർ പദ്ധതിയുടെ പൈപ്പ് ലൈനുകൾ മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്ന് മലങ്കര ടൂറിസം പാർക്ക് വഴി കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി പെരുമറ്റത്തെത്തുന്ന വെള്ളം അവിടെ ശുചീകരിക്കും.
ജലം ശുചീകരിച്ചശേഷം അതേ വഴിയിലൂടെ തന്നെ തിരിച്ചുവന്ന് മാത്തപ്പാറ അമ്പാട്ട് കോളനിവഴി വന്ന് നിർദിഷ്ട വനഭൂമിയിലൂടെ കടന്ന് വില്ലേജ് ഓഫിസിന് സമീപത്തെത്തും. എന്നാൽ, അനുമതി ആവശ്യപ്പെട്ട് ജലവിഭ വകുപ്പ് എം.വി.ഐ.പിക്കും വനംവകുപ്പിനും കത്ത് നൽകിയെങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല. ഒരുമീറ്റർ വ്യാസം വരുന്ന മീനച്ചിൽ കുടിവെള്ള പദ്ധതി കടന്നുപോകേണ്ട പ്രദേശം സംബന്ധിച്ച് ധാരണ ആയെങ്കിലും അന്തിമം ആയിട്ടില്ല.
മലങ്കര ടൂറിസം പ്രദേശത്ത് നിർമിക്കുന്ന ഫ്ലോട്ടിങ് പമ്പിൽനിന്ന് വെള്ളം പമ്പ്ചെയ്ത് മലങ്കര ടൂറിസം പ്രദേശം വഴി കടത്തി മുട്ടം ടൗൺ വഴികൊണ്ടുപോകാനാണ് ആലോചന. എന്നാൽ, ഒരു മീറ്റർ വ്യാസം വരുന്ന ഭീമൻ പൈപ്പ് ടൗൺ വഴി കൊണ്ടുപോകുന്നതിനെതിരെ വ്യാപാരികൾ എതിർപ്പിലാണ്. നിർദിഷ്ട ബൈപാസും തോട്ട് പുറംപോക്കും നാട്ടുകാർ നിർദേശിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ രണ്ടും നടപ്പിലാക്കാൻ കാലതാമസം വേണ്ടിവരും. ഊരക്കുന്ന് പള്ളിക്ക് മുന്നിലൂടെ മുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം എത്തുന്ന രീതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യമാണ് പുതുതായി ഉയർന്നു വന്നിരിക്കുന്നത്. ഈ വഴി പരിഗണിക്കുമ്പോൾ നിലവിലേതിനെക്കാൾ 2.4 കിലോമീറ്റർ അധികം ദൂരം സഞ്ചരിക്കേണ്ടിവരും. കൂടാതെ ഉൾമേഖലയിലൂടെ പൈപ്പ് ലൈൻ കടന്നുപോകുമ്പോൾ അവിടെ താമസിക്കുന്നവരുടെ സഞ്ചാരം തടസ്സപ്പെടും. ഇത് നാട്ടുകാരുടെ എതിർപ്പിന് കാരണമാകും.
13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന 1236 കോടിയുടെ പദ്ധതി അധികകാലം തടഞ്ഞിടാനാവില്ല എന്നും ഉറപ്പാണ്. ആയതിനാൽ സമയവായ ചർച്ചകൾ നടത്തി മാത്രമേ മീനച്ചിൽ പദ്ധതി സംബന്ധിച്ച അന്തിമ രൂപരേഖ ആവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.