മുട്ടം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി നിർമിച്ച കുടുംബശ്രീ സംരംഭം പൊളിച്ചുമാറ്റി. മുട്ടം കോടതിക്കവലയിലെ വെയിറ്റിങ് ഷെഡിനോട് ചേർന്ന മുറിയിൽ നിർമിച്ച കിയോസ്കാണ് പൊളിച്ചത്. മുട്ടം ഗ്രാമപഞ്ചായത്തിലെ കോടതിക്കവലക്ക് സമീപം രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് കുടുംബശ്രീ ജില്ല മിഷൻ കിയോസ്ക് നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായെങ്കിലും സാങ്കേതിക തടസ്സം മൂലം തുറക്കാനായിരുന്നില്ല. ഇതാണ് വ്യാഴാഴ്ച പൊളിച്ചത്.
മുൻ എം.പി പി.ടി. തോമസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോടതിക്കവലക്ക് സമീപം രണ്ട് മുറിയായി ആറ് ലക്ഷം രൂപ മുടക്കി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു. ഇതിൽ കഴിഞ്ഞ ഇടതു പഞ്ചായത്ത് ഭരണസമിതി രണ്ട് മുറികളിൽ ഒന്ന് കടമുറിയാക്കി മാറ്റി. ഈ മുറിയിലാണ് സംരംഭത്തിന് വേണ്ടി കുടുംബശ്രീ ജില്ല മിഷൻ രണ്ട് ലക്ഷം മുടക്കി കിയോസ്ക് പണിതത്. നിർമാണം പൂർത്തിയായതോടെ പഞ്ചായത്തിലെ കുറച്ച് അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നു. മുട്ടം എൻജിനീയറിങ് കോളജിന്റെ സ്ഥലത്ത് നിർമിച്ചിരിക്കുന്ന വെയിറ്റിങ് ഷെഡ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കരാർ ഉണ്ടെന്നും അയതിനാൽ സംരംഭം പൊളിക്കണമെന്നും ആവശ്യപ്പെട്ടു. എൽ.ഡി.എഫ് അംഗങ്ങൾ സമരവും നടത്തി. ഇതോടെ മുട്ടം എൻജിനീയറിങ് കോളജ് അധികൃതർ സംരംഭം തുടങ്ങാനാവില്ലെന്ന് അറിയിച്ച് പഞ്ചായത്തിന് കത്തും നൽകി. ഇതേതുടർന്നാണ് പൊളിച്ചത്.
പഞ്ചായത്തിനോട് മറ്റ് അനുയോജ്യമായ മുറി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ച് നൽകിയിട്ടില്ല. പൊളിച്ച് മാറ്റിയ സംരംഭം അനുയോജ്യമായ മറ്റ് പഞ്ചായത്തിലേക്ക് മാറ്റാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.