മുട്ടം: വർഷ കാലത്ത് ലഭിക്കേണ്ട മഴ ലഭിക്കാത്തതിനാൽ കൃഷിയിടങ്ങൾ വരണ്ടു തുടങ്ങി. വരൾച്ചയിൽനിന്ന് രക്ഷനേടാൻ കനാൽ വഴി വെള്ളം ഒഴുക്കണമെന്ന ആവശ്യവും ശക്തമായി. ഇത് മുന്നിൽ കണ്ട് അധികൃതർ നടപടി ആരംഭിച്ചു. മലങ്കര ഡാമിൽനിന്ന് കനാൽ വഴി വെള്ളം ഒഴുക്കുന്നതിന് വേണ്ടി ഷട്ടറുകൾ അടച്ച് ജലം സംഭരിച്ച് തുടങ്ങി. ഡാമിന്റെ ആറ് ഷട്ടറും അടച്ചു. ഷട്ടറുകൾ അടച്ചതോടെ ജലനിരപ്പ് ഉയർന്ന് 40.76 മീറ്ററിൽ എത്തി. ഇരു കനാലിലൂടെയും വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 40.5 മീറ്റർ വെള്ളമാണ് അവശ്യമായുള്ളത്. നിർദേശം കിട്ടിയാലുടൻ കനാലും തുറക്കാനാണ് എം.വി.ഐ.പി തീരുമാനം.
സാധാരണ ഡിസംബർ ആദ്യവാരത്തോടെ മലങ്കര ജലാശയത്തിൽ നിന്ന് ഇടത് - വലതുകര കനാലുകളിൽ വെള്ളം തുറന്ന് വിടാറുള്ളതാണ്. എന്നാൽ, ഇത്തവണ മഴ ലഭിക്കാത്തതിനാലാണ് കനാൽ നേരത്തേ തുറക്കാൻ ആലോചിക്കുന്നത്. കടുത്ത ചൂടിൽ കനാൽ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരും വലഞ്ഞ് തുടങ്ങി. ഇതോടൊപ്പം തെക്കുംഭാഗം, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് നെട്ടോട്ടമായി. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ഉറവയായി എത്തുന്നത്. കൂടാതെ കനാലിലെ വെള്ളമാണ് സമീപവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. സമീപത്തെ ഏക്കർ കണക്കിന് കൃഷിക്കും കനാലിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ചെറു തോടുകളും ജല സംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ടു മാത്രമാണ്.
ഇടത് - വലതുകര എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന ഇടത് കര കനാൽ 30 കിലോമീറ്ററിലധികവുമുണ്ട്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവർ ഹൗസിൽ മൂന്ന് മെഗാ യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.