മുട്ടം: മലങ്കര ഡാമിന്റെ ഷട്ടർ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ആറ് ഷട്ടറുകൾ ഉള്ളതിൽ രണ്ട് ഷട്ടറുകളുടെ റബർ ബീഡിങ്ങ് മാറ്റി സ്ഥാപിച്ചു. വരും ദിവസങ്ങളിൽ നാല് ഷട്ടറുകളുടെയും റബർ ബീഡിങ്ങ് മാറ്റി സ്ഥാപിക്കും. കാലാവസ്ഥ അനുകൂലവും മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറവുമായതിനാൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്താൻ സാധിക്കുന്നുണ്ട്.
36.7 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 36.9 മീറ്ററിലും താഴെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് സൂയിസ് ഷട്ടറുകൾ വഴി വെള്ളം ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. 36.9 മീറ്റർ വരേയാണ് പ്രധാന ഷട്ടർ വഴി വെള്ളം ഒഴുക്കാൻ കഴിയുക. മലങ്കര ചെറുകിട ജലസേചന പദ്ധതിക്കും ജലം ഉപയോഗിക്കുന്നുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ മലങ്കര ജലാശയത്തെ ആശ്രയിക്കുന്ന 10 പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, കരിമണ്ണൂർ, അറക്കുളം എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.
മലങ്കര ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്താൻ ജലനിരപ്പ് താഴ്ത്തുന്നത് മൂലമാണ് കുടിവെളം പമ്പ് ചെയ്യാൻ സാധിക്കാതെ വരുന്നത്.കുടിവെള്ള ടാങ്കുകൾ എല്ലാം സ്ഥിതി ചെയ്യുന്നത് ജലാശയത്തിലോ ജലാശയത്തിന്റെ തീരത്തോ ആണ്. ജലനിരപ്പ് താഴുന്നതോടെ പമ്പിങ്ങ് നടക്കാതെവന്നു. ഡാമിലെ ജലനിരപ്പ് 36.70 മീറ്ററിൽ എത്തിച്ചാൽ മാത്രമെ ഷട്ടറുകൾ താഴ്ത്തി റബർ സീൽ സ്ഥാപിക്കാൻ കഴിയുള്ളു. അതിനുശേഷം പെയിന്റിങ് നടത്തുകയും വേണം ഇതിനെല്ലാമായി 10 ദിവസം കൂടി വേണ്ടിവരുമെന്നാണ് എം.വി.ഐ.പി അധികൃതർ പറയുന്നത്.
റബർ സീൽ മാറ്റിയിെല്ലങ്കിൽ ഡാമിലെ ഷട്ടർ തുരുമ്പ് എടുക്കുകയും ഇതുവഴി ചോർച്ച ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് എം.വി.ഐ.പി അധികൃതർ പറയുന്നു. അതിനാൽ ഈ പ്രവൃത്തികൾ ഉടൻ ചെയ്തുതീർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അടുത്ത സീസണിൽ ജലം സംഭരിക്കാൻ കഴിയാത്ത സ്ഥിതി വിശേഷം ഉണ്ടാകും. മലങ്കര ഡാമിലെ റേഡിയൽ ഷട്ടറുകളുടെ വയർ റോപ്പ് കഴിഞ്ഞമാസം മാറ്റി സ്ഥാപിച്ചിരുന്നു.അധികദിവസം ജലനിരപ്പ് താഴ്ത്തി നിർത്താൻ കഴിയാത്തതിനാലാണ് ഘട്ടം ഘട്ടമായി അറ്റകുറ്റപ്പണി നടത്തിവരുന്നത്. അറ്റകുറ്റപ്പണി എത്രയും വേഗത്തിൽ പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.