മുട്ടം: അനന്തമായ ടൂറിസം സാധ്യതയുള്ള പ്രകൃതിരമണീയ മലങ്കര ഡാമും പരിസരങ്ങളും കാണുന്നതിനും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുംവേണ്ടി മലങ്കര ടൂറിസം ഫെസ്റ്റ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടർച്ചയായി രണ്ടുതവണ വിജയകരമായി നടപ്പാക്കിയ മലങ്കര ഫെസ്റ്റ് കോവിഡ് മൂലമാണ് മുടങ്ങിയത്. ഇത് പുനരാരംഭിക്കണമെന്നാണ് ആവശ്യം. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ നടത്താറുള്ള കാർഷികമേള ഇത്തവണ മുട്ടം ടൂറിസം മേഖലയിൽ നടത്തിയാൽ ഗുണകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
മുട്ടം ഗ്രാമപഞ്ചായത്ത്, സഹകരണ ബാങ്ക്, മർച്ചന്റ്സ് അസോസിയേഷൻ, ഡി.ടി.പി.സി മറ്റ് സർക്കാർ ഏജൻസികൾ, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടത്തിവന്നിരുന്നത്. ഒട്ടേറെ സഞ്ചാരികളെ മലങ്കരയിലേക്ക് എത്തിക്കാൻ ഇതിലൂടെ കഴിഞ്ഞിരുന്നു. മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരെ ഫെസ്റ്റ് നഗരിയിൽ എത്തിച്ചതുവഴി മലങ്കര ടൂറിസത്തിന്റെ സാധ്യതകളെ മുന്നലെത്തിക്കാൻ സാധിച്ചു. എന്നാൽ, ഇതിനിടെ കോവിഡ് എത്തിയതോടെ വികസനപ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു.
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മലങ്കരയുടെയും പ്രദേശങ്ങളുടെയും വികസനത്തിന് അടുത്ത മണ്ഡലത്തിലെ പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു. തൊടുപുഴ സർവിസ് സഹകരണ ബാങ്ക് മലങ്കര ജലാശയത്തിൽ ബോട്ടിങ് നടത്തുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുകയുമാണ്. മലങ്കര ടൂറിസം മേഖലയുടെ സാധ്യതകളെക്കുറിച്ച് വിശദപഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബോട്ടിറക്കാൻ തയാറായത്.
മലങ്കര മുതൽ അറക്കുളംവരെ പരന്നുകിടക്കുന്ന ജലാശയവും സമീപത്തുള്ള ഇലവീഴാപൂഞ്ചിറ, കാഞ്ഞാർ പാർക്ക്, പച്ചിലാംകുന്ന് വ്യൂ പോയന്റ്, ത്രിവേണി സംഗമം, പെരുംകൊഴുപ്പ് ടൂറിസം മേഖല എന്നിവയും കോർത്തിണക്കി ഫെസ്റ്റ് സംഘടിപ്പിച്ചാൽ മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനകരമാകും. ഇത് വ്യാപാര മേഖലക്കും ഉണർവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.