മുട്ടം: മലങ്കര ടൂറിസം പദ്ധതി പ്രദേശത്ത് മൂന്നുകോടി രൂപ മുതൽമുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഇതുവരെ തുറന്നില്ല. എം.വി.ഐ.പിയും ഡി.ടി.പി.സിയും തമ്മിലുള്ള തർക്കമാണ് കാരണം. നേരിയ അറ്റകുറ്റപ്പണി നടത്തിയാൽ എൻട്രൻസ് പ്ലാസ തുറക്കാൻ കഴിയും. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും പലതലങ്ങളിൽ യോഗം ചേർന്നിട്ടും തീരുമാനമായില്ല. കഴിഞ്ഞ മാസം കലക്ടറുടെയും തൊടുപുഴ എം.എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് 10 ദിവസത്തിനകം എൻട്രൻസ് പ്ലാസ നവീകരിച്ച് തുറന്ന് നൽകണമെന്ന് അന്ത്യശാസനം നൽകിയിരുന്നു.
എന്നാൽ, ഇതുവരെ നടപടി ആയിട്ടില്ല. ഒരുവർഷം മുമ്പ് എടുത്ത തീരുമാനംപോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. 2021 ജനുവരി അഞ്ചാം തീയതി കലക്ടറേറ്റിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ടൂറിസം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്താൻ മികച്ച തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. എന്നാൽ, അതിൽ ഒന്നുപോലും നടപ്പാക്കിയില്ല.
മലങ്കര ടൂറിസം പ്രദേശത്ത് താമസിക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയെങ്കിലും അവരെ മാറ്റി പാർപ്പിച്ചിട്ടില്ല. മാറ്റിപാർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിക്കാൻ അന്നത്തെ കമ്മിറ്റി തീരുമാനം എടുത്തെങ്കിലും നടപ്പാക്കിയിട്ടില്ല. ഇവരെ മാറ്റി പാർപ്പിക്കാൻ സ്ഥലം ഒരുക്കാൻ ലക്ഷങ്ങൾ വേണമെന്ന് കണ്ടെത്തുകയും കണ്ടെത്താൻ എം.എൽ.എയെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.
എൻട്രൻസ് പ്ലാസയിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപൺ തിയറ്റർ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. 200 ആളുകൾക്ക് യോഗം ചേരാനുള്ള സജ്ജീകരണം ഉണ്ടെങ്കിലും ഇതുവരെ അത് വാടകക്ക് നൽകാൻ സാധിച്ചിട്ടില്ല. ഡാമിന് സമീപം നിർമിച്ച ബോട്ട്ജെട്ടിയും വെറുതെ കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.