മുട്ടം: കോട്ടയം ജില്ലയിലെ 13 പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്ന മലങ്കര-കോട്ടയം കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മുട്ടത്ത് എത്തി. ഒരു മീറ്റർ വ്യാസമുള്ള പൈപ്പുകളാണ് മുട്ടത്തെത്തിച്ച് വഴിയോരങ്ങളിൽ ഇറക്കിയത്. മലങ്കര ടൂറിസം പ്രദേശത്തിന് സമീപം ജലാശയത്തിൽ സ്ഥാപിക്കുന്ന ഫ്ലോട്ടിങ് പമ്പ് മുതൽ നീലൂരിലെ രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുവരെ സ്ഥാപിക്കാനുള്ളതാണ് ഒരു മീറ്റർ വ്യാസമുള്ള പൈപ്പ്.
20 പാക്കേജുകളായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 1243 കോടിയാണ് വേണ്ടി വരുക. ജില്ലയിലെ മറ്റു പദ്ധതികളിൽനിന്ന് വ്യത്യസ്തമായി കുടിവെള്ളം പമ്പ് ചെയ്യാൻ പമ്പ്ഹൗസ് നിർമിക്കില്ല എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. പീച്ചി ഡാമിലേതുപോലെ ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് മോട്ടോറാണ് സ്ഥാപിക്കുന്നത്. 500 കുതിരശക്തിയുള്ള ആറ് മോട്ടോറുകൾ ജലാശയത്തിലെ ഫ്ലോട്ടിങ് പ്ലാറ്റ്ഫോമിൽ സ്ഥാപിക്കും. ഇതിൽ നാലെണ്ണമാണ് ഒരേ സമയം പ്രവർത്തിപ്പിക്കുക. മോട്ടോറുകളെ പ്രവർത്തിപ്പിക്കാൻ ജലാശയത്തിന്റെ കരയിൽ മോട്ടോർ പുരയും സ്ഥാപിക്കും. ഇതിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാൻ ട്രാൻസ്ഫോർമറും വേണ്ടിവരും.
പമ്പ് ചെയ്യുന്ന വെള്ളം നീലൂരിൽ എത്തിച്ച് ശുദ്ധീകരിക്കും. ശേഷം 13 പഞ്ചായത്തിലേക്കും വിതരണം ചെയ്യും. മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കുട്ടിക്കൽ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതിയിലൂടെ ശുദ്ധജലമെത്തുക. വാട്ടർ അതോറിറ്റിക്കു പുറമെ ജലനിധിയെയും കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
മൂന്നിലവ് 77.59 കോടി, കടനാട് 95,40 കോടി, രാമപുരം 146.75 കോടി, തലനാട് 55.83കോടി, മേലുകാവ് 75.12 കോടി, പൂഞ്ഞാർ 86.81കോടി, പൂഞ്ഞാർ തെക്കേക്കര 100.83കോടി, തീക്കോയി 97.95കോടി, തിടനാട് 111.68 കോടി, മീനച്ചിൽ 111.37 കോടി, ഭരണങ്ങാനം 92.79 കോടി, കുട്ടിക്കൽ 148.74 കോടി, തലപ്പലം 49.24 കോടി എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തുകൾക്കും തുക വകയിരുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെയും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങൾക്ക് വർഷം മുഴുവൻ ശുദ്ധജലം ലഭിക്കും. പ്രതിദിനം 40 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 1998ൽ കെ.എം. മാണിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. മലങ്കര കുടിവെള്ള പദ്ധതിയുടെ ചെലവ് കൂടുതലാണെങ്കിലും വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കാനും ജനങ്ങൾക്ക് കടുത്ത വേനലിൽ പോലും വെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യാനും പദ്ധതിയിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.