മുട്ടം: ഒരോ പഞ്ചായത്തിലും ഒരോ കളിക്കളങ്ങളെങ്കിലും സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം മുട്ടത്തും യാഥാർഥ്യമാക്കണമെന്ന് നാട്ടുകാർ. നൂറ് കണക്കിന് യുവാക്കളാണ് അനുയോജ്യമായ കളിക്കളം ഇല്ലാത്തതിനാൽ സ്വകാര്യ കളിക്കളങ്ങളിൽ പണം മുടക്കി കളിക്കാൻ ഇറങ്ങുന്നത്. പണമില്ലാത്തവരാകട്ടെ കളിക്കാൻ പറ്റാതെ പിന്തിരിയുന്നു. സർക്കാറിന്റെ ഏക്കറ് കണക്കിന് ഭൂമിയാണ് പ്രദേശത്ത് വെറുടെ കിടക്കുന്നത്. മുട്ടം പഞ്ചായത്തിൽ തന്നെ വിജിലൻസ് ഓഫിസിന് സമീപം ഒരേക്കറോളം സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്.
തുടങ്ങനാട് കരിമ്പാനി ഭാഗത്തും അര ഏക്കർ ഭൂമി തരിശാണ്. മുട്ടത്ത് സ്വകാര്യ മേഖലയിൽ മൈതാനങ്ങൾ ഉണ്ടെങ്കിലും പൊതു കളിക്കളം ഒന്ന് മാത്രമേ ഉള്ളൂ. അത് മുട്ടം പഞ്ചായത്തിലെ വോളിബാൾ കോർട്ട് ആണ്. കഴിഞ്ഞവർഷം ഈ കോർട്ടിൽ രാത്രി കാലങ്ങളിലും കളിക്കാൻ പാകത്തിന് ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് കെട്ടിടത്തിലെ തന്നെ വെള്ളം ഈ കോർട്ടിലേക്ക് വീഴുന്നതിനാൽ മൈതാനം ചളിക്കളമാണ്.
കുണ്ടും കുഴിയും നിറഞ്ഞ ഇവിടെ കളിക്കുമ്പോൾ പരിക്കും കൂടുതലാണ്. ഇന്ത്യൻ വോളിബാളിന്റെ ഇടിമുഴക്കമായിരുന്ന കെ.എൻ രാജീവൻ നായർ ഉൾപ്പെടെ കളിച്ചു വളർന്നത് മുട്ടം ശക്തി സ്റ്റേഡിയത്തിലാണ്. നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത ഈ കളിക്കളം ഇൻഡോർ ആക്കി നവീകരിച്ചാൽ കായിക പ്രേമികൾക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമാകും അത്. വർഷങ്ങളോളം മുട്ടത്തെ വൈകുന്നേരങ്ങളെ ചലനാത്മമാക്കിയിരുന്നത് ഈ സ്റ്റേഡിയമായിരുന്നു.
തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയുടെ തീരത്ത് മുട്ടം വില്ലേജ് ഓഫിസിന് സമീപം ഒരേക്കറിലധികം സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. എം.വി.ഐ.പി യുടെ അധീനതയിലുള്ള ഈ സ്ഥലം മൾട്ടി പർപ്പസ് സ്റ്റേഡിയത്തിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മാസങ്ങൾക്ക് മുന്നേ കത്ത് നൽകിയതായി പറയുന്നു.
എന്നാൽ തുടർനടപടിക്ക് വേഗം പോരാ. സ്ഥലം പഞ്ചായത്തിന് ഏറ്റെടുക്കാനായാൽ ഒന്നിലധികം കളിക്കളങ്ങൾ ഇവിടെ യാഥാർഥ്യമാക്കാൻ കഴിയും. അതിനുള്ള ഊർജിത ശ്രമം ഉണ്ടാകണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.