മുട്ടം: മുട്ടത്തെ ഇരട്ടവീടുകൾ ഒറ്റയാക്കുന്ന പദ്ധതിയുടെ നടപടി ആരംഭിച്ചു. വെള്ളിയാഴ്ച നടന്ന ഗ്രാമസഭയിൽ വീട്ടുകാരിൽനിന്ന് അപേക്ഷ സ്വീകരിച്ചു. ലഭിക്കുന്ന അപേക്ഷകളിൽ ഏറ്റവും ജീർണാവസ്ഥയിലുള്ള വീട്ടുകാർക്കാണ് മുൻഗണന. ആദ്യഘട്ടമെന്ന നിലയിൽ രണ്ട് വീടുകൾക്കുള്ള പണമാണ് വകയിരുത്തിയിരിക്കുന്നത്. തോട്ടുങ്കര ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകൾ ഒറ്റവീടാക്കാൻ നടപടി ആരംഭിച്ചത് 2021 ജൂണിലാണ്.
14 ഇരട്ടവീടുകളിലായി 28 കുടുംബങ്ങളാണ് താമസിക്കുന്നത്. കാലഹരണപ്പെട്ട വീടുകളിൽ ഏറെ ബുദ്ധിമുട്ടിയാണു ഇവർ താമസിച്ചിവരുന്നത്. ഓടുമേഞ്ഞ ഇത്തരം വീടുകൾ പലതും ചോർന്നൊലിക്കുകയാണ്. ഇരട്ടവീടായതിനാൽ അറ്റകുറ്റപ്പണികളും ബുദ്ധിമുട്ടിലാണ്. പല വീടുകളും ജീർണാവസ്ഥയിലാണ്. ചോർന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി ശ്രമകരമായതിനാൽ പടുത മേഞ്ഞാണ് ഇവർ കഴിയുന്നത്. മുഴുവൻ ഇരട്ട വീടുകളും ഒറ്റവീടാക്കാൻ ഒന്നരക്കോടിയോളം രൂപ വേണ്ടിവരും. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ആലോചന. നാല് പതിറ്റാണ്ടിലധികമായി ഇവർ താമസിക്കുന്നത് ഒരുഭിത്തിക്ക് ഇരുവശങ്ങളിലായാണ്. ലക്ഷംവീട് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പണിത വീടുകളാണ് ഇവ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ഇത്തരം വീടുകൾ ഒറ്റ വീടാക്കിമാറ്റി. കുടയത്തൂർ പഞ്ചായത്തിലെ ഇരുപതോളം വീടുകൾ വർഷങ്ങൾക്ക് മുമ്പേ ഒറ്റവീടുകളാക്കി. കഴിഞ്ഞവർഷം ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിലെ 13 വീടുകൾ ഒറ്റവീടാക്കി മാറ്റിയിരുന്നു. കോട്ടയം ഞീഴൂർ പഞ്ചായത്തിലെ 23 വീടുകളും ഒറ്റ വീടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.