മുട്ടം: ജീവനക്കാരുടെ കുറവുമൂലം ജില്ല ജയിലിന്റെ പ്രവർത്തനം അവതാളത്തിൽ. ആവശ്യമുള്ളതിന്റെ പകുതി ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. 40ലധികം ജീവനക്കാർ വേണ്ടിടത്ത് ഉള്ളത് 23 പേർ മാത്രം. 2018 നവംബറിൽ 80 തടവുപുള്ളികളുമായി ജില്ല ജയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഉള്ള അതേ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും.
സ്റ്റാഫ് പാറ്റേൺ വർധിപ്പിക്കാത്തതിനാൽ താൽക്കാലിക സ്റ്റാഫിനെപ്പോലും നിയമിക്കാൻ കഴിയുന്നില്ല. നിലവിൽ ശരാശരി 180ഓളം തടവുപുള്ളികൾ ജയിലിലുണ്ട്. ഇത് പലപ്പോഴും 250 വരെ ആകാറുണ്ട്. മറ്റ് ജില്ല ജയിലുകളെ അപേക്ഷിച്ച് മുട്ടം ജയിലിന് വലുപ്പക്കൂടുതൽ ഉള്ളതിനാൽ കോട്ടയം, എറണാകുളം ജില്ലകളിൽനിന്ന് തടവുപുള്ളികളെ മുട്ടം ജില്ല ജയിലിൽ എത്തിക്കുന്നുണ്ട്. തടവുപുള്ളികളുടെ എണ്ണം കൂടുമ്പോൾ ഒരു സെല്ലിൽ 40 പേരെ വരെ പാർപ്പിക്കേണ്ടതായി വരാറുണ്ട്. ഇത്രയും പേരെ ഒറ്റ സെല്ലിൽ പാർപ്പിക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായേക്കാം.
നിർമാണം പൂർത്തീകരിച്ച് നാലുവർഷം കഴിഞ്ഞിട്ടും കാൻറീൻ അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് ആവശ്യമായ ഫർണിച്ചർ ഇനിയും എത്തിയിട്ടില്ല. ഇതിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കത്ത് നൽകി കാത്തിരിക്കുകയാണ്. കാൻറീൻ പ്രവർത്തനം ആരംഭിച്ചാൽ ജയിലേക്ക് പുറമേനിന്ന് എത്തുന്നവർക്കും ജയിലിന് സമീപത്തായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെയും ആളുകൾക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കും..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.