മുട്ടം: മുട്ടില്ലാതെ കുടിവെള്ളം കിട്ടാൻ മുഞ്ഞനാട്ടുകുന്ന് പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. സർക്കാർ ഓഫിസുകൾ നിരങ്ങി മടുത്ത ഇവർ ഒടുവിൽ സ്വയം കിണർ കുഴിച്ച് മോട്ടോർ സ്ഥാപിച്ച് വെള്ളം എത്തിക്കാൻ തുടങ്ങിയതോടെ വെള്ളം സ്ഥിരമായി കിട്ടിത്തുടങ്ങിയതിെൻറ സന്തോഷത്തിലാണ് ഇവരിപ്പോൾ.
ജലസേചന വകുപ്പിെൻറ കുടിവെള്ള പദ്ധതി ഫലപ്രാപ്തിയിൽ എത്താത്തതിനെത്തുടർന്ന് സ്വയം പര്യാപ്തത നേടിയ നാട്ടുകാരാണ് മുഞ്ഞനാട്ടുകുന്ന് പ്രദേശത്തുള്ളത്. മുട്ടം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് മുഞ്ഞനാട്ടുകുന്ന്. 40ഓളം കുടുംബമാണ് അധിവസിക്കുന്നത്. മുട്ടം പഞ്ചായത്തിൽ ജലസേചന വകുപ്പിന്റെ കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും മുഞ്ഞനാട്ടുകുന്നുകാർക്ക് പ്രയോജനം ഇല്ല. ഇവിടെ വെള്ളം എത്തില്ല. കുടിവെള്ള പദ്ധതി സ്ഥാപിച്ച ആദ്യകാലഘട്ടങ്ങളിൽ വെള്ളം എത്തുമായിരുന്നു. പിന്നീട് കാലക്രമേണ വെള്ളം കിട്ടാതായി. പല തവണ അധികാരികളോട് പരാതി പറഞ്ഞു. ഓരോരോ കാരണങ്ങൾ പറഞ്ഞ് അവർ മടക്കി അയച്ചു. മുട്ടം പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വേണ്ടുന്ന വെള്ളം പമ്പ് ചെയ്ത് കയറ്റുന്ന മാത്തപ്പാറ പമ്പ്ഹൗസിന് 200 മീറ്റർ മാത്രം അകലെ താമസിക്കുന്നവരാണ് മുഞ്ഞനാട്ടുകുന്നുകാർ. ഒടുവിൽ സ്വയം കിണർ കുഴിച്ച് മോട്ടോർ സ്ഥാപിച്ച് വെള്ളം എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി മലങ്കര ജലാശയത്തിന് സമീപം എം.വി.ഐ.പിവക ഭൂമിയിൽ ഒരു കിണർ കുഴിച്ചു. ഇതിൽ മോട്ടോർ സ്ഥാപിച്ചാണ് മുഞ്ഞാട്ടുകുന്നിലേക്ക് ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നത്. രണ്ടും മൂന്നും വീട്ടുകാർ ചേർന്നാണ് ഓരോ മോട്ടോറുകൾ വീതം സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ 25ഓളം മോട്ടോറുകൾ ഈ കിണറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.
ചെറുകൂരകൾ നിർമിച്ച് അതിലാണ് മോട്ടോറുകൾ സ്ഥാപിച്ചിട്ടുള്ളത്. നിശ്ചിതകാലയളവിൽ ഇവർ ഒത്തുകൂടി ആരോഗ്യവകുപ്പിൽനിന്ന് ക്ലോറിനും മറ്റും നിക്ഷേപിച്ച് കിണർ വൃത്തിയാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.