മുട്ടം: ഓട്ടോറിക്ഷ ഇടിച്ച് വീണ കാൽനടയാത്രക്കാരന് ഗുരുതര പരിക്കേറ്റു. മുട്ടം സ്വദേശി പൂച്ചക്കുഴിയിൽ തോമസ് ജോർജിനാണ് (ജോയി) പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9 മണിയോടെ മുട്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം. തോമസ് ജോർജ് കടയടച്ച് റോഡ് വക്കിലൂടെ നടക്കുമ്പോൾ പുറകിലൂടെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.
തെറിച്ചുവീണത് കല്ലിൻകൂട്ടത്തിലേക്കാണ്. തലയുടെ പിൻഭാഗം കല്ലിൽ ഇടിച്ച് ഗുരുതര പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ നിർത്താതെ കടന്നു കളഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഓട്ടോ മുട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മുട്ടം: തോമസ് ജോർജ് അപകടത്തിൽപ്പെടാൻ കാരണം പി.ഡബ്ല്യു.ഡിയുടെ അനാസ്ഥയെന്ന് നാട്ടുകാർ. തുടങ്ങനാട് സ്പൈസസ് പാർക്കിലേക്ക് ഭൂമിക്കടിയിലൂടെ വൈദ്യുതി കൊണ്ടുപോകാൻ മുട്ടം മുതൽ കുഴിയെടുത്തിരുന്നു. എന്നാൽ, കുഴി ശരിയായി മൂടി ടാർ ചെയ്തിരുന്നില്ല. കല്ലും പാറക്കൂട്ടങ്ങളും മണ്ണും കൂമ്പാരമായി കൂട്ടി െവക്കുകയാണ് ചെയ്തത്.
ഇതിലൊരു കല്ലിൽ ഇടിച്ചാണ് തലക്ക് പിന്നിൽ ഗുരുതര പരിക്കേറ്റത്. തോമസ് ജോർജിന്റെ കടയുടെ തൊട്ടടുത്താണ് അപകടം സംഭവിച്ചത്. കേബിൾ ഇട്ടശേഷം കുഴി ശരിയായി മൂടാത്തതിനെതിരെ തോമസ് നിരന്തര പരാതികൾ നൽകിയിരുന്നു. പി.ഡബ്ല്യു.ഡി അധികൃതരെ മുട്ടത്ത് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.