മുട്ടം: സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേർക്ക് പരിക്ക്. മൂലമറ്റം ഭാഗത്തുനിന്ന് വന്ന കോഹിനൂർ ബസാണ് എതിരെ വന്ന സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച ശേഷം ചരക്കുലോറിയിൽ ഇടിച്ച് നിന്നത്. ബസ് ചരക്കുലോറിയിൽ ഇടിച്ചു നിന്നില്ലായിരുന്നുവെങ്കിൽ മലങ്കര ജലാശയ തീരത്തേക്ക് പതിക്കുമായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ ശങ്കരപ്പള്ളിയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും സ്കൂട്ടർ ഓടിച്ച മൂലമറ്റം സ്വദേശി അരീപ്ലാക്കൽ ഹരിദാസ്, ഭാര്യ ജയ എന്നിവർ 15 അടി താഴ്ചയിലേക്ക് തെറിച്ചുവീണു. ഇരുവരുടെയും രണ്ട് കൈക്കും ഒടിവ് സംഭവിച്ചു.
ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൻ കോളജിലേക്കും മാറ്റി. ഓട്ടോയിൽ ഉണ്ടായിരുന്ന അറക്കുളം കാവുംപടി പടിഞ്ഞാറെ കണ്ണേലി ശ്രീഹരിക്കും (11) പരിക്കേറ്റു. ഓട്ടോയിൽതന്നെ ഉണ്ടായിരുന്ന രാസമിശ്രിതം കണ്ണിലേക്ക് തെറിച്ചാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ അഞ്ചുപേർക്കും പരിക്കേറ്റു. എന്നാൽ, ഇവരുടെ പരിക്ക് ഗുരുതരമല്ല.
നാല് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് 30 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ തകരാർ സംഭവിച്ച ബസ് ഏറെ പണിപ്പെട്ടാണ് റോഡിൽനിന്ന് നീക്കിയത്. അപകടത്തിൽപെട്ട ലോറിയും സ്കൂട്ടറും ക്രെയിൻ ഉപയോഗിച്ച് വലിച്ചുമാറ്റി. നാല് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.